ന്യൂഡൽഹി: സർക്കാർ നിർദേശങ്ങൾക്കു ചെവികൊടുക്കാത്ത ട്വിറ്ററിന്റെ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥർ അറസ്റ്റ് ഭീഷണിയിൽ. കർഷക സമരവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ അടങ്ങുന്ന കണ്ടന്റ് സെൻസർ ചെയ്യണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ കേന്ദ്രം കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. ഐടി ആക്ടിന്റെ സെക്ഷൻ 69എ പ്രകാരമുള്ള നിബന്ധനകൾ പിൻതുടരാത്തതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
അമേരിക്കൻ മൈക്രോ ബ്ലോഗിംഗ് ഭീമനായ ട്വിറ്റർ നേരത്തേ കേന്ദ്രനിർദേശം ഭാഗികമായി അംഗീകരിച്ചിരുന്നു. ഒരു വിഭാഗം അക്കൗണ്ടുകൾ തങ്ങൾ മരവിപ്പിച്ചതായി കന്പനി അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയ്ക്കു പുറത്ത് ഈ അക്കൗണ്ടുകൾ സജീവമായിരിക്കുമെന്നും കന്പനി പറഞ്ഞു.
1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. എന്നാലിപ്പോൾ ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കോടതിയെ സമീപിക്കുമെന്ന സൂചനകളുണ്ട്.കഴിഞ്ഞദിവസം കേന്ദ്ര ഐടി സെക്രട്ടറി അജയ് പ്രകാശ് സാഹ്നി ട്വിറ്റർ പ്രതിനിധികളായ മോണിക് മെഷേ, ജിം ബേക്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവാദമായ ഹാഷ്ടാഗുകൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ ഭാഗമല്ലെന്നും, പ്രകോപനപരവും നിരുത്തരവാദപരവുമായ ഉള്ളടക്കമാണ് ഇവയിൽ ഉള്ളതെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി. ക്യാപിറ്റോൾ ഹിൽ, റെഡ് ഫോർട്ട് എന്നിവിടങ്ങളിലെ വിഷയങ്ങളിൽ ട്വിറ്റർ എടുത്ത വിഭിന്ന നിലപാടുകളിൽ ഉള്ള അതൃപ്തിയും അദ്ദേഹം വെളിവാക്കിയിരുന്നു.