സാന്ഫ്രാന്സിസ്കോ: ട്വിറ്റർ സിഇഒ പദം ഏറ്റെടുക്കാൻ മതിയായ “വിഡ്ഢി’യെ കണ്ടെത്തുന്ന ദിവസം താൻ ആ സ്ഥാനം ഒഴിയുമെന്നു പറഞ്ഞ ഇലോൺ മസ്ക്, തന്റെ വളർത്തുനായയായ ഫ്ലോക്കിയെ കസേരയിലിരുത്തിക്കൊണ്ടുള്ള ചിത്രം ട്വീറ്റ് ചെയ്തു.
നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
ട്വിറ്റർ ഏറ്റെടുത്ത ഉടൻതന്നെ മസ്ക് കന്പനിയുടെ ഉന്നത മാനേജ്മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെൽ സെഗാൾ, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്.
പുതിയ സിഇഒ ആയി ആരെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ രാജിവയ്ക്കുമെന്ന് ഡിസംബർ 21 ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനിയുടെ സിഇഒ ആയി തുടരണമോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു സർവേയും നടത്തി.
എന്നാൽ സർവേ ഫലം അദ്ദേഹത്തിന്റെ പുറത്താകലിന് അനുകൂലമായിരുന്നു. ഇതേത്തുടർന്നാണ് ട്വിറ്റർ സിഇഒ പദം ഏറ്റെടുക്കാൻ ഒരു “വിഡ്ഢി’യെ കണ്ടെത്തുന്ന ദിവസം താൻ ആ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം പറഞ്ഞത്. മസ്ക് ചുമതലയേറ്റ ശേഷം ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.