ശ്രീജിത് കൃഷ്ണന്
ചിറ്റാരിക്കാല്‍: കുടുംബാംഗത്തെപ്പോലെ സ്നേഹിച്ചു വളര്‍ത്തിയ ടര്‍ക്കി കോഴിയെ കള്ളന്മാര് കൊണ്ടുപോയതില്‍ ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് അഞ്ചംഗ കുട്ടിപ്പട്ടാളം.
പാലാവയലിലെ മജോ ഏബ്രഹാമിന്റെയും സോഫിയുടെയും മക്കളാണ് സംഭവത്തില്‍ പോലീസിന്റെ അടിയന്തര ഇടപെടല്‍ അഭ്യർഥിച്ച് ജില്ലാ പോലീസ് മേധാവി പി.ബി.രാജീവിനെ ഫോണില്‍ വിളിച്ചത്.
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്ഡൗണ്‍ കാലത്ത് മുഴുവന്‍ സമയവും സ്മാര്‍ട്ട് ഫോണിന് അടിമപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും സഹജീവിസ്നേഹവും കാര്‍ഷിക സംസ്കാരത്തോടുള്ള താത്പര്യവും വളര്‍ത്തുന്നതിനുമാണ് മജോയും സോഫിയും മക്കള്‍ക്ക് കോഴികളെയും വളര്‍ത്തുമൃഗങ്ങളെയും വാങ്ങിനല്‍കിയത്.
ടര്‍ക്കി ഇനത്തില്‍പ്പെട്ട ഒരു പൂവനും പിടയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 കിലോയോളം തൂക്കംവച്ചിരുന്ന പൂവന് ടർക്കി കോഴി കുട്ടികളുടെ ഉറ്റ ചങ്ങാതിയായിരുന്നു.
നാലുദിവസം മുമ്പൊരു രാത്രിയാണ് മോഷ്ടിക്കപ്പെട്ടത്. ഉയരമുള്ള മതിലും ഗേറ്റും മറ്റു സുരക്ഷാസംവിധാനവുമുള്ള വീട്ടില്‍ കടന്ന് മനുഷ്യനല്ലാതെ മറ്റു ജീവികള്‍ക്കൊന്നും ഇത്രയും വലിപ്പമുള്ളൊരു കോഴിയെ കൊണ്ടുപോകാനാകില്ലെന്ന് മജോ പറയുന്നു.
കോഴിയെ നഷ്ടപ്പെട്ട അന്നു രാവിലെതന്നെ കുട്ടികള്‍ നേരെ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞിരുന്നു.
കൂട്ടത്തിലെ വല്യേട്ടനായ ഏഴാംക്ലാസുകാരന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആറാംക്ലാസുകാരി ആഗ്നസും അഞ്ചാം ക്ലാസുകാരി അല്‍വിനയും നാലാംക്ലാസുകാരി ഏയ്ഞ്ചലിനയും യുകെജിക്കാരി ആന്ഡ്രിനയുമടങ്ങുന്ന സംഘമാണ് പോലീസ് സ്റ്റേഷനിലെത്തിയത്.
എന്നിരുന്നാലും സംഭവം ‘വെറുമൊരു കോഴിമോഷണ’ മായി ഒതുങ്ങിപ്പോകുമോയെന്നു സംശയിച്ചാണ് ജില്ലാ പോലീസ് മേധാവിയെത്തന്നെ വിളിച്ചറിയിച്ചത്.
പോലീസ് ഉഷാറായിത്തന്നെ ഇറങ്ങിയതോടെ ദിവസങ്ങള്‍ക്കുള്ളില്‍ കോഴിയെ കണ്ടെത്തുന്നതിനോ മോഷ്ടാക്കളുടെ കൈയില്‍ വിലങ്ങുവീഴുന്നതിനോ വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.