മോഡലായ യുവതിയെ കൊച്ചിയില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളെയും നവംബര്‍ 26 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്, നിധിന് മേഘനാഥന്, സുദീപ്, രാജസ്ഥാന് സ്വദേശി ഡിംപിള്‍ ലാമ്പ(ഡോളി) എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളുടെ ചെയ്തി ആസൂത്രിതവും മൃഗീയവുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞത്. പരാതിക്കാരിയ്ക്ക് മദ്യം നല്കി അബോധാവസ്ഥയിലാക്കിയാണ് പീഡിപ്പിച്ചത്.
ഹോട്ടലിനു പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും വാഹനത്തില്‍വെച്ചും ക്രൂരമായ കൂട്ടബലാല്‍സംഗം നടന്നു.
കേസില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. നാലാം പ്രതി ഡിംപിളിന്റെ ഫോണ്‍ കിട്ടാനുണ്ട്.
രാജസ്ഥാനില്‍ നിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചു വരുന്ന ഡിപിംളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയേണ്ടതുണ്ട്.
അതേസമയം, പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിമുറി നാടകീയരംഗങ്ങള്‍ക്കും വേദിയായി. ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായതാണ് കോടതിമുറിയിലെ തര്‍ക്കത്തിന് കാരണമായത്. അഡ്വ. അഫ്സലും അഡ്വ. ബി.എ. ആളൂരും ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയിരുന്നു.
അഡ്വ. അഫ്സലിനെയാണ് ഡിംപിള്‍ വക്കാലത്ത് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ വക്കാലത്ത് ഇല്ലാതെ അഡ്വ. ആളൂരും കോടതിയില്‍ ഹാജരാവുകയായിരുന്നു.
തുടര്‍ന്ന് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ തര്‍ക്കിക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. താന്‍ വക്കാലത്ത് ഏല്‍പ്പിച്ചത് അഫ്സലിനാണെന്ന് ഡിംപിളും വ്യക്തമാക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.