മുംബൈ: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച രണ്ട് കൗമാരക്കാർ മുംബൈയിൽ അറസ്റ്റിൽ.
കൊളാബയിൽനിന്നുള്ള 19 വയസുകാരായ രണ്ട് കോളജ് വിദ്യാർഥികളാണ് അറസ്റ്റിലായത്. പാക് പതാകയുടെ വീഡിയോ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം. യുവ ബിസിനസുകാരന്റെ പരാതിയിലാണ് അറസ്റ്റ്.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണു വിദ്യാർഥികളെ പിടികൂടിയത്. രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ഗൂഡലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നാണു വിദ്യാർഥികൾക്കെതിരായ ആരോപണം.
151-ാം വകുപ്പു പ്രകാരമാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എടിഎസ് വിദ്യാർഥികളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.