കടുത്ത പനിയ്ക്കും മറ്റ് വൈറല് രോഗങ്ങള്ക്കും കാരണമായ എച്ച്3എന്2 ഇന്ഫ്ളുവെന്സ വൈറസ് രാജ്യത്ത് വ്യാപിക്കുന്നു.
എച്ച്3എന്2 വൈറസ് ബാധിച്ച് രാജ്യത്ത് രണ്ടുമരണം റിപ്പോര്ട്ട് ചെയ്തു. ഹരിയാനയിലും കര്ണാടകയിലുമാണ് മരണങ്ങള് റിപ്പോര്ട്ട് ചെയ്തത്. കേന്ദ്രആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള് പങ്കുവെച്ചത്.
രാജ്യത്ത് നിലവില് എച്ച്3എന്2 വൈറസ് ബാധിച്ച് 90 കേസുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ എട്ട് എച്ച്1എന്1 ഇന്ഫ്ളുവന്സ കേസുകളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
അടിക്കടിയായി വരുന്ന പനിക്കും ചുമയ്ക്കും പിന്നില് ഇന്ഫ്ളുവന്സ എയുടെ ഉപവിഭാഗമായ എച്ച്3എന്2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം ഐ.സി.എം.ആര്(Indian Council of Medical Research) വ്യക്തമാക്കിയിരുന്നു.
ഇന്ഫ്ളുവന്സ കേസുകളില് വന് വര്ധനവാണ് കാണുന്നത്, പനി, ചുമ, ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലര്ക്കുമുള്ളത്.
കഴിഞ്ഞ രണ്ടുമൂന്നു മാസക്കാലമായി എച്ച്3എന്2 വൈറസ് വ്യാപിക്കുകയാണെന്നും ഇതുസംബന്ധിച്ചുള്ള ആശുപത്രിവാസം കൂടുകയാണെന്നും ഐ.സി.എം.ആര് വ്യക്തമാക്കിയിരുന്നു.
ഏപ്രില് ആദ്യത്തോടെ രോഗവ്യാപനം കുറയുമെന്നാണ് ഐസിഎംആര് അധികൃതര് പറയുന്നത്.
ഐ.സി.എം.ആറിന്റെ കണക്കുകള് പ്രകാരം എച്ച്3എന്2 ബാധിതരില് 92ശതമാനം പേര്ക്ക് പനിയും 86 ശതമാനം പേര്ക്ക് ചുമയും 27 ശതമാനം പേര്ക്ക് ശ്വാസതടസ്സവും 16 ശതമാനം പേര്ക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്.
ഇതുകൂടാതെ രോഗബാധിതരില് വ്യാപകമായി ന്യൂമോണിയയും ചുഴലിയും റിപ്പോര്ട്ട് ചെയ്യുന്നുണ്ട്.
കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയില് എത്തുന്നവരില് പത്തിലൊന്നിനും ഓക്സിജന് സഹായം വേണ്ടിവരുന്നുണ്ടെന്ന് അധികൃതര് പറയുന്നു.