രണ്ടു പെണ്‍കുട്ടികളുടെ പ്രശ്നമാണ് ഇപ്പോള്‍ നെടുമങ്ങാട് പോലീസിനെ വലയ്ക്കുന്നത്. നാടുവിട്ടു പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലായിരുന്ന പോലീസിനെയും വീട്ടുകാരെയും വെട്ടിലാക്കിയ ആ സംഭവം ഇങ്ങനെ. നെടുമങ്ങാട് സ്വദേശിനികളായ രണ്ടു പെണ്‍കുട്ടികള്‍ തമ്മില്‍ അടുത്ത കൂട്ടായിരുന്നു. ഏറെ അടുത്തതോടെ വേര്‍പിരിയാനാവാത്ത വിധം ആ ബന്ധം വളര്‍ന്നു. വീട്ടുകാര്‍ ഇരുവരുടെയും സൗഹൃദത്തെ സംശയിച്ചതുമില്ല. ഇതിനിടെ കഴിഞ്ഞദിവസം ഇരുവരും നാടു വിട്ടുപോയി. തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതി വച്ചിട്ടായിരുന്നു ഇവരുടെ നാടുവിടല്‍.
രണ്ടുദിവസം ബംഗളൂരുവിലടക്കം കറങ്ങി നടന്നശേഷം ഇരുവരും തിരിച്ചെത്തി. അതോടെ പോലീസിനും വീട്ടുകാര്‍ക്കും അശ്വാസമാകുകയും ചെയ്തു. എന്നാല്‍ പ്രശ്നം പിന്നെയാണ് സങ്കീര്‍ണമായത്. പിരിയാനാവില്ലെന്നും രക്ഷിതാക്കളോടൊപ്പം വീടുകളില്‍ പോകാന്‍ തയാറല്ലെന്നും പെണ്‍കുട്ടികളുടെ നിലപാടെടുത്തു. അതോടെ പോലീസും വെട്ടിലായി. പെണ്‍കുട്ടികളെ രക്ഷിതാക്കളോടൊപ്പം വിടാന്‍ രാത്രി വളരെ വൈകിയും എസ്ഐയും സഹപ്രവര്‍ത്തകരും നടത്തിയ ശ്രമങ്ങള്‍ വിഫലമായതോടെ പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കാനാന് തീരുമാനിച്ചു.
ഇനിയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് പോലീസ്. കോടതി നിര്‍ദേശിക്കുന്നതനുസരിച്ച് അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് എസ്ഐ അറിയിച്ചു. ഒരു കുട്ടിയുടെ വീട്ടില്‍ നിന്നു രണ്ടാമത്തെയാളിന്റെ അമ്മ മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവരോടൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു. അതേസമയം ബംഗളൂരുവിലെ ചില സംഘങ്ങളുമായി പെണ്‍കുട്ടികള്‍ ബന്ധപ്പെട്ടിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.