അമേരിക്കയിലെ അർക്കൻസാസ് സ്വദേശിയായ റോഡ്നി കെൽസോയിക്ക് സാക്ഷ്യം വഹിക്കാനായത് അപൂർവങ്ങളിൽ അപൂർവമായ ചില ചില ഭാഗ്യനിമിഷങ്ങൾക്കായിരുന്നു. കാരണം വീടിന്റെ ഉൾവശം വൃത്തിയാക്കുകയായിരുന്ന ഇദ്ദേഹം കണ്ടത് രണ്ടു തലകളുള്ള ഒരു പാന്പിനെയായിരുന്നു. അഞ്ചടി നീളമുള്ള അണലി വർഗത്തിൽ പെട്ട ഒരു പാന്പായിരുന്നു ഇത്.
മുറിക്കുള്ളിൽ എന്തോ ഉണ്ടെന്ന് മനസിലായതിനെ തുടർന്നാണ് വീട് വൃത്തിയാക്കാൻ അദ്ദേഹം തീരുമാനിച്ചത്. തുടർന്ന് ജോലിക്കിടയിൽ അദ്ദേത്തെ ഞെട്ടിച്ചു കൊണ്ട് ഇരട്ട തലകളുള്ള പാന്പ് അദ്ദേഹത്തിന്റെ മുന്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അത്യപൂർവമായ ഈ പാന്പിന്റെ പ്രധാന്യം മനസിലാക്കിയ റോഡ്നി കുറച്ചു സമയത്തെ പരിശ്രമത്തിനു ശേഷം പാന്പിനെ പിടികൂടുകയായിരുന്നു. മാത്രമല്ല അടുത്തുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള പാന്പുകൾ എത്രകാലം ജീവിച്ചിരിക്കുമെന്ന് പറയാൻ കഴിയില്ല. രണ്ടു തലകൾക്കുമായി കണ്ണും വായും വിഷപ്പല്ലുമെല്ലാമുണ്ടെങ്കിലും ഇഴയുന്നത് വളരെ പണിപ്പെട്ടാണ്. അതുകൊണ്ട് തന്നെ ഇരയെ പിടികൂടുന്നതും ബുദ്ധിമുട്ടിയാണ്. ഈ പാന്പ് എത്രകാലം ജീവിക്കുമെന്നുള്ളതിന് വ്യക്തതയില്ലെങ്കിലും ഇവിടെ തന്നെ സംരക്ഷിക്കാനാണ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ തീരുമാനം.