
കോവിഡ് രണ്ടാമതും വരാമെന്ന് റിപ്പോര്‍ട്ട്. ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 100 ദിവസത്തെ ഇടവേളയില്‍ രോഗം രണ്ട് തവണ വന്നുവെന്ന് കണ്ടെത്തി.
ഇന്ത്യ അടക്കം നാല് രാജ്യങ്ങളില്‍ മാത്രമാണ് രോഗം രണ്ടാമതും കണ്ടെത്തിയത്. അതേസമയം, രാജ്യത്തെ അറുപത് ജില്ലകളില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് സംസ്ഥാനങ്ങളുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗബാധ സാധ്യത കൂടുതലുള്ളത്. ആയതിനാല്‍ ഇവര്‍ക്ക്ക്ക് കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.
ദില്ലി നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെവ്വേറെ ജനിതക ശ്രേണിയില്‍ പെട്ട രോഗാണുവാണ് സ്ഥിരീകരിച്ചത്. ഇന്ത്യയെക്കൂടാതെ ഹോങ് കോങ്, അമേരിക്ക, ബല്‍ജിയം എന്നിടങ്ങളില്‍ രണ്ടാമത് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അവിടെ രണ്ട് മാസത്തെ ഇടവേളയിലാണ് രോഗം വന്നതെങ്കില്‍ ഇന്ത്യയില്‍ അതിന് നൂറ് ദിവസമെടുത്തെന്നും മലയാളിയായ ഡോ. വിനോദ് സ്‌കറിയ ഉള്‍പ്പെട്ട പഠന സംഘം കണ്ടെത്തി.