ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന് നടുറോഡില്‍ മര്‍ദനം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമണ്‍കരയിലാണ് സംഭവം.
കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
മുഖത്ത് ഗുരുതര പരിക്കേറ്റ പ്രദീപിന് വായില്‍ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം നടക്കുന്ന സമയം നീറമണ്‍കരയില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു.
പ്രദീപിന്റെ വാഹനത്തിന് പുറകിലുള്ളവര്‍ ഹോണ്‍ മുഴക്കിയിരുന്നു. എന്നാല്‍ പ്രദീപാണ് ഇത് ചെയ്തതെന്ന് ആരോപിച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ബൈക്കിലെ രണ്ട് യുവാക്കള്‍ ഇറങ്ങി വന്ന് മര്‍ദിക്കുകയായിരുന്നു.
‘ബ്ലോക്കിന്റെ ഇടയില്‍ കൂടി കയറി പോകടാ’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവര്‍ പ്രദീപിനെ മര്‍ദിച്ചത്.
തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ കയറി പോയെന്നും പ്രദീപ് പറഞ്ഞു, കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.