സ്വര്‍ണം തേടി മാന്‍ഹോളില്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്ത് സൂറത്തിലെ ബഗല്‍ പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.
നിരവധി സ്വര്ണ്ണാഭരണശാലകളുള്ള പ്രദേശമാണ് ബഗല്‍. ഈ സ്വര്ണാഭരണപണിശാലകളില് നിന്നും ഒഴുക്കുന്ന മാലിന്യത്തില്‍ സ്വര്‍ണത്തരികളും ഉള്‍പ്പെടാറുണ്ട്.
ഈ തരികള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് യുവാക്കള്‍ മാന്‍ഹോളിലിറങ്ങിയത്. എന്നാല്‍ യാതൊരു സുരക്ഷാസംവിധാനങ്ങളും കരുതാഞ്ഞതാണ് ഇവര്‍ക്ക് വിനയായത്. വിഷവാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചത്.
ആദ്യം മാന്‍ഹോളില്‍ ഇറങ്ങിയ വ്യക്തി ബോധരഹിതനായതിനെത്തുടര്‍ന്ന് രക്ഷിക്കാനായി അടുത്തയാളും ഇറങ്ങുകയായിരുന്നു.
മാന്‍ഹോളില്‍ ഇറങ്ങിയശേഷം തിരിച്ചുകയറാനാകാത്തതിനെതുടര്ന്ന് ഇയാള്‍ ശബ്ദമുണ്ടാക്കി പ്രദേശവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചു.
ആളുകളെത്തി തുണിയും വടവും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുന്നത്.
അവരെത്തി മാന്‍ഹോളിലെ പൈപ്പ് മുറിച്ചുമാറ്റി ഇരുവരെയും പുറത്ത് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.