ന്യൂഡല്‍ഹി: ബിസിനസ് തകര്‍ന്ന് കടം കയറിയപ്പോള്‍ എതിരാളിയുടെ കടയില്‍ നിന്ന് 25ലക്ഷം രൂപ വിലമതിക്കുന്ന മുടി മോഷ്ടിച്ച വിഗ്ഗ് വ്യാപാരിയും സഹായിയും പോലീസിന്റെ പിടിയിലായി. വിഗ്ഗ് കയറ്റുമതി വ്യാപാരി അജയ് കുമാറും (42) സഹായി മംഗള്‍ സെന്നു(42)മാണു പിടിയിലായത്. മോഷണം പോയ 200 കിലോ മുടിയില്‍ 118 കിലോ കണ്ടെടുത്തു. നഗ്ലോയി മേഖലയില്‍ ജഹാംഗീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള ജഹാംഗീര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ ജൂലൈ 27നാണു മോഷണം നടന്നത്.
മോഷണം നടത്താന്‍ പദ്ധതി തയാറാക്കിയതിനെ തുടര്‍ന്നു മുടി വാങ്ങാനെന്ന് അറിയിച്ച് അജയ് കുമാറിന്റെ സഹായി മംഗള്‍ സെന്‍ ജൂലൈ 25ന് ജഹാംഗീര്‍ എന്റര്‍പ്രൈസസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് 27ന് കടയിലെത്തിയ അജയ് കുമാറും മംഗള്‍ സെന്നും ഉള്‍പ്പെട്ട മൂന്നംഗ സംഘം തോക്കും കത്തിയുമായി ഉടമയെയും സഹോദരന് താജൂദ്ദീനെയും ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം 200 കിലോ മുടിയും 30,000 രൂപയും മൊബൈല്‍ ഫോണുകളുമായി കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുമാണ് മംഗള്സെന്നിനെ പിടികൂടിയത്.
മോഷണം പോയ മൊബൈല്‍ ഫോണുകളും ഇയാളില്‍ നിന്നു കണ്ടെടുത്തു. മുടി വാങ്ങാന്‍ ഓഡര്‍ നല്‍കുന്നതിന് എന്ന പേരില്‍ ജഹാംഗീര്‍ എന്റര്‍പ്രൈസസിലേക്ക് മംഗള്‍ സെന്‍ ഫോണ്‍ ചെയ്തിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുല്‍ത്താന്‍പുരിയിലുള്ള വീട്ടില്‍ നിന്ന് അജയ് കുമാറിനെ പിടികൂടുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. തുടര്‍ന്ന് ഡല്‍ഹിയിലെ ലക്ഷ്മി നഗര്‍, ഗണേഷ് നഗര്‍, പാണ്ഡവ് നഗര്‍ എന്നിവിടങ്ങളിലുള്ള ഗോഡൗണുകളില്‍ നിന്നായി 118 കിലോ മുടി കണ്ടെടുത്തു. ബാക്കി 72 കിലോ മുടിയ്ക്കായി അന്വേഷണം തുടരുകയാണ്.