റായ്പൂര്‍: ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയ ഹൃദയത്തിനു തകരാറുള്ള പിഞ്ചുകുഞ്ഞിന് വാഹനത്തിനുള്ളില്‍ ദാരുണാന്ത്യം. ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെത്തുടര്‍ന്ന് ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാന്‍ കുഞ്ഞിന്റെ അച്ഛന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്ന് പറഞ്ഞ് ഡ്രൈവര്‍ അദ്ദേഹത്തെ തടഞ്ഞതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയത്.
കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റായ്പൂരിലെ ഡോ: ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു. ഇന്ന് രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ സഞ്ജീവനി എക്സ്പ്രസ് വിളിച്ചു.
കുട്ടിയെ പെട്ടെന്ന് തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയത്ത് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്ത വിധം കൊളുത്തിപ്പോയി. തുറക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും കഴിയാതെ ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മെക്കാനിക്കിനെ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോള്‍ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. വാതില്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അംബികാകുമാര്‍ ആംബുലന്‍സിന്റെ ജനാല തകര്‍ത്ത് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍വക സാധനം തകര്‍ക്കരുതെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ മരിച്ചതിനു ശേഷമാണ് ആംബുലന്‍സില്‍ കയറ്റിയതെന്നാണ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ വാദിക്കുന്നത്.