വീട്ടില്‍ ഉറക്കിക്കിടത്തിയ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പെട്ടെന്നു കാണാതായതില്‍ ദുരൂഹത. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സമീപമുള്ള പറമ്പില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അമ്മയും പരിസരവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചേരാനല്ലൂര്‍ ഇടയക്കുന്നം പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള കൊട്ടേപറമ്പില്‍ ജയിംസ്-സജിത ദമ്പതികളുടെ കുട്ടിയെയാണ് കാണാതായതും കണ്ടെത്തിയതും.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞു വീട്ടില്‍ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു സജിത ശുചിമുറിയില്‍ പോയി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാതായി. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടു മുഴുവന്‍ തിരഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെ സജിത പരിഭ്രാന്തയായി ബഹളം വച്ചു.
പിന്നീട് നടത്തിയ തിരച്ചിലിലാണു വീട്ടില്‍ നിന്ന് 20 മീറ്ററോളം മാത്രം ദൂരത്തിലുള്ള വര്‍ക്ക്ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കരച്ചില് കേട്ടതാണ് പെട്ടെന്ന് കണ്ടെത്താന്‍ സഹായകമായത്. സംഭവം അറിഞ്ഞ് പോലീസും എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂര്‍ പൊലീസ് പറഞ്ഞു.