കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഹരിയാനയിലെ നൂഹില് നിന്ന് പുറത്തുവരുന്നതെല്ലാം ആശങ്കപ്പെടുത്തുന്ന വാര്ത്തകളാണ്.
ഇതിനിടയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്കുന്ന ചില വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഹിന്ദു പിതാവിനും അയാളുടെ മകനും രണ്ട് മുസ്ലിം കുടുംബങ്ങള് കലാപത്തിനിടെ അഭയം നല്കിയെന്ന വാര്ത്തയാണത്.
പിനാങ് വാനിലേക്ക് പോയ കരണ് എന്നയാളും അയാളുടെ മകന് വിവേകും നൂഹിലെലെത്തുമ്പോഴേക്കും അവിടെ കലാപം പടര്ന്നിരുന്നു.
മകന് ധരിച്ച കറുത്ത ഷര്ട്ടാണ് കലാപകാരികളുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചതെന്ന് കരണ് പറയുന്നു.
ശോഭായാത്രയില് ബജ്രംഗ്ദള് പ്രവര്ത്തകന് മോനു മനേസറിനെ അനുകൂലിച്ചവര് കറുത്ത ഷര്ട്ടാണ് ധരിച്ചിരുന്നത്.
അവരിലൊരാളായി തെറ്റിദ്ധരിച്ചാണ് കലാപകാരികള് തങ്ങളുടെ വാഹനം തടഞ്ഞു നിര്ത്തിയതെന്നും മത ചിഹ്നങ്ങള് ഉള്ളതിനാല് വാഹനം കത്തിച്ചുവെന്നും കരണ് പറയുന്നു.
ജനക്കൂട്ടത്തിനിടയില് നിന്ന് ഓടിരക്ഷപ്പെട്ട കരണും മകന് വിവേകും അടുത്തുള്ള വീട്ടില് അഭയം പ്രാപിക്കുകയായിരുന്നു.
ഒരു മുസ്ലിം കുടുംബമായിരുന്നു അവിടെ താമസിച്ചിരുന്നത്. ഇരുവരും മൂന്നു മണിക്കൂറിലധികം സമയം വീട്ടുകാരുടെ സംരക്ഷണയില് കഴിഞ്ഞു.
കലാപകാരികളുടെ ആക്രമണത്തില് വസ്ത്രം കീറിയ വിവേകിന് വീട്ടുകാര് പുതിയ വസ്ത്രം സമ്മാനിക്കുകയും ചെയ്തു.
ഒരു പോലീസ് ഡിഎസ്പിയും കോണ്സ്റ്റബിളും ഇതേ വീട്ടില് ഇവര്ക്കൊപ്പം അഭയം തേടിയിരുന്നു.
ഹരിയാന പോലീസ് വാഹനം എത്തിയ ശേഷമാണ് കരണും മകനും വീടിനു വെളിയില് വന്നത്. എന്നാല് പോലീസുകാര് തങ്ങളെ വണ്ടിയില് കയറ്റി കലാപത്തിനു നടുവില് വീണ്ടും ഇറക്കിവിട്ടെന്നും കരണ് ആരോപിക്കുന്നു.
ഭയചകിതരായ ഇരുവരും അവിടെ നിന്ന് രക്ഷതേടി എത്തിയത് മിനി സെക്രട്ടറിയേറ്റിന്റെ സമീപത്തുള്ള ഹമീദിന്റെ വീട്ടിലാണ്. ഹമീദ് പിന്നീട് കരണിനെയും വിവേകിനെയും ഇവരുടെ വാസസ്ഥലമായ സോഹ്നയില് സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
ഹരിയാനയിലെ കലാപത്തില് ഇതിനോടകം ആറുപേര് കൊല്ലപ്പെട്ടതായാണ് വിവരം.