കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്കായി യുകെയിലെത്തിയ രണ്ട് പാക്ക് കായികതാരങ്ങള്‍ മുങ്ങി.
കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചതിനു പിന്നാലെയാണ് രണ്ടു താരങ്ങളെ കാണാനില്ലെന്ന് പാക്കിസ്ഥാന് കായിക വിഭാഗം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
ബോക്സിങ് താരങ്ങളായ സുലൈമാന്‍ ബലൂച്ച്, നസീറുല്ലാ ഖാന് എന്നിവരെയാണു ടീം ഇംഗ്ലണ്ടില്‍നിന്നു പുറപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പു കാണാതായത്.
തിങ്കളാഴ്ചയാണു കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനിച്ചത്. ബോക്സിങ് ടീമിനൊപ്പമെത്തിയ ഉദ്യോഗസ്ഥരുടെ കൈവശം ഇവരുടെ യാത്രാ രേഖകളും പാസ്പോര്‍ട്ടുകളുമുണ്ടെന്ന് പാക്കിസ്ഥാന് ബോക്്സിങ് ഫെഡറേഷന് സെക്രട്ടറി നസീര്‍ താങ് പ്രതികരിച്ചു.
യുകെയിലെ പാക്കിസ്ഥാന് ഹൈക്കമ്മീഷനെ, ടീം മാനേജ്മെന്റ് താരങ്ങളെ കാണാതായ വിവരം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വിവരം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍നിന്നെത്തിയ എല്ലാ താരങ്ങളുടെയും രേഖകള്‍ പാക്ക് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിച്ചിരുന്നു. താരങ്ങളുടെ തിരോധാനം അന്വേഷിക്കാന്‍ പാക്കിസ്ഥാന് ഒളിംപിക് അസോസിയേഷന് നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്സിങ്ങില്‍ പാക്കിസ്ഥാന് മെഡലൊന്നും ലഭിച്ചിരുന്നില്ല. മറ്റിനങ്ങളില്‍ നിന്നായി രണ്ടു സ്വര്‍ണമടക്കം എട്ട് മെഡലുകള്‍ പാക്കിസ്ഥാന് ആകെ ലഭിച്ചു.
രണ്ടു മാസം മുന്‍പ് നീന്തല്‍ ചാംപ്യന്‍ഷിപ്പിനായി ഹംഗറിയിലേക്കു പോയ രണ്ട് പാക്കിസ്ഥാന് താരങ്ങള്‍ രാജ്യത്തേക്കു തിരിച്ചെത്തിയിട്ടില്ല.
ഇതില്‍ ഒരു താരം ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഉടനെ മത്സരത്തില്‍ പോലും പങ്കെടുക്കാതെ യാത്രാ രേഖകളുമായി മുങ്ങുകയായിരുന്നു.
ശ്രീലങ്കയില്‍നിന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ ഒമ്പത് താരങ്ങളെയും മാനേജരെയും യുകെയില്‍ കാണാതായിരുന്നു.