കാട്ടാക്കട: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ടു പേർ എക്സൈസിന്റെ പിടിയിലായി. കുറ്റിച്ചൽ സ്വദേശി ബോണ്ട്സ് അനു (24 ), മണ്ണൂർക്കര വാറുവിള സ്വദേശി തൻസീർ (25) എന്നിവരെയാണ് പിടികൂടിയത്.
നെയ്യാർഡാം പോലീസ് സ്റ്റേഷനും വാഹനവും ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ബോണ്ട്സ് അനു എന്ന് വിളിക്കുന്ന അനൂപ്.
ആര്യനാട് കുറ്റിച്ചൽ പരുത്തിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പരുത്തിപള്ളിയിൽ വച്ചാണ് പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന എംഡിഎം എയുമായി അനൂപ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽനിന്നു 4 പോളിത്തീൻ കവറുകളിലായി വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 0.835 ഗ്രാം എംഡിഎം എ പിടിച്ചെടുത്തു.
സംഭവസ്ഥലത്തു വച്ചു വടിവാൾ വീശി ഭീകര അന്തരീക്ഷം സൃഷ്ടിച്ചു എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ അതിസഹസികമായാണ് കീഴ്പ്പെടുത്തിയത്. ഇയാൾ ഈ സമയത്ത് മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പരിശോധനയിൽ വടിവാൾ ഉൾപ്പെടെ മാരകായുധവും പിടിച്ചെടുത്തു. ആര്യനാട് കുറ്റിച്ചൽ കള്ളിക്കാട് തുടങ്ങിയ മേഖലകളിൽ എംഡിഎം എ ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്സ് വില്പന നടത്തുന്ന വലിയ ഗ്യാങ്ങിന്റെ പ്രധാനിയാണ് അനൂപ്.
ഇത്തരത്തിലുള്ള സിന്തറ്റിക് ഡ്രഗ്സ് കടത്തിക്കൊണ്ടുവന്ന് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തുകയാണ് രീതി. അനൂപിന്റെ കൂട്ടാളികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.
സ്കൂൾ കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായ കണ്ണൂർക്കര വരുവിള റോഡരികത്തു വീട്ടിൽ തൻസീർ.
കഞ്ചാവുമായി ഇയാളെ പിടികൂടിയത്. തൻസീറിന്റെ വീട്ടിൽനിന്നു വില്പനയിക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്.