പരവൂർ : അർധരാത്രിയിൽ റോഡിൽ കിടന്നുറങ്ങിയ രണ്ട് യുവാക്കളുടെ ശരീരത്തിൽ കൂടി കാർ കയറിയിറങ്ങി രണ്ടു പേരും മരിച്ചു. യുവാക്കളുടെ മരണത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
പരവൂർകോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35), പാരിപ്പള്ളി എഴിപ്പുറം ലക്ഷംവീട് കോളനിയിൽ സജാദ് (34) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 12.30നാണ് അപകടം ഉണ്ടായത്. കോട്ടുവൻകോണം വിഷ്ണു ക്ഷേത്രത്തിന് മുന്നിൽ പരവൂർ- പാരിപ്പള്ളി റോഡിൽ ആണ് സംഭവം.
സമീപത്തെ ക്ലബ്ബിൽ ഇരുപത്തിയെട്ടാം ഓണാഘോഷപരിപാടികൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അലങ്കാര പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും വീടുകളിലേയ്ക്ക് പോകാൻ തുടങ്ങുകയായിരുന്നു.
ബൈക്ക് തകരാറിലായത് കാരണം ഇരുവരും റോഡിൽ വിശ്രമിക്കു കയാ യിരുന്നു. ഈ സമയത്ത് പാരിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇരുവരുടെയും ശരീരത്തിൽ കൂടി കയറി ഇറങ്ങി.
കാർ നിർത്താതെ പോയി. അപകടത്തിന് ശേഷം പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രക്കാരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
ചുവന്ന കാറാണ് ഇരുവരുടെയും ദേഹത്ത് കൂടി കയറിയിറങ്ങിയതെന്നാണ് പോലീസിന് ലഭിച്ചവിവരം. നിർത്താതെ പോയ കാർ കണ്ടെത്താൻ സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കാർ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പരവൂർ പോലീസ് എസ് എച്ച് ഒ എനിസാർ പറഞ്ഞു. പരവൂർ പോലീസ് കേസെടുത്തു.
സുരേഷിന്റെയും സുശീലയുടെയും മകനാണ് ഷിബു. അവിവാഹിതനാണ്. സഹോദരങ്ങൾ: ഷൈജു, ഷിജു. അബ്ദുൽ സമദിന്റെയും ഷാഹിദയുടെയും മകനാണ് സജാദ് . ഭാര്യ റഹാന ഏഴ് മാസം ഗർഭിണിയാണ്.
പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. .