ഗഡ്ചിരോലി: ദുർമന്ത്രവാദികൾ എന്നാരോപിച്ച് രണ്ട് പേരെ ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിലാണ് സംഭവം. ഒരു സ്ത്രീയെയും പുരുഷനേയുമാണ് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു.
ബർസെവാഡ ഗ്രാമത്തിൽ മെയ് ഒന്നിന് പഞ്ചായത്ത് ചേരുകയും രണ്ട് പേർ ദുർമന്ത്രവാദം നടത്തുന്നതായി നാട്ടുകാർ ആരോപിക്കുകയും ചെയ്തു. മൂന്ന് വയസ് പ്രായമുള്ള കുട്ടിയുടെ മരണത്തിന് പിന്നിൽ ഇവരാണെന്നാണ് ഗ്രാമവാസികൾ ആരോപിച്ചത്.
തുടർന്ന് കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ നാട്ടുകാർ ദുർമന്ത്രവാദികൾ എന്ന് ആരോപിച്ച് രണ്ട് പേരെ മർദിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ജംനി ദേവജി(52), ദേഷു അറ്റ്ലാമി(57) എന്നിവരാണ് കൊല്ലപ്പെട്ടത്.