നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മുതുകുളം പഞ്ചായത്ത്. ഒരേ സമയം രണ്ടു സെക്രട്ടറിമാര്‍ ജോലിയ്‌ക്കെത്തിയതാണ് ഏവരെയും ഞെട്ടിച്ചത്.
സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിന് സ്റ്റേ വാങ്ങി തിരികെയെത്തിയതാണ് ബുധനാഴ്ച രാവിലെ പഞ്ചായത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കിയത്.
രാവിലെ പുതിയ പഞ്ചായത്ത് സെക്രട്ടറിയായ ആര്‍ ദിലീപ് കുമാര്‍ എത്തിയപ്പോഴാണ് മാറിപ്പോയ സെക്രട്ടറി ലത വീണ്ടും ചാര്‍ജെടുത്ത വിവരം അറിയുന്നത്.
മുകളില്‍നിന്ന് ഉത്തരവ് ലഭിക്കാത്തതിനാല്‍ ദിലീപ് കുമാറും പഞ്ചായത്തില്‍ തന്നെ തുടരുകയായിരുന്നു.
ഇരുവരും സുഭിക്ഷ കേരളം പദ്ധതിയുടെ പഞ്ചായത്തുതല യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. മുതുകുളത്ത് കുറച്ചുനാളുകളായി പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ ശീതസമരത്തിലാണ്.
പ്രസിഡന്റ് ജെ ദാസന്‍ ഉള്‍പ്പെടെയുള്ള 10 അംഗങ്ങള്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഭരണസമിതിയോട് ആലോചിക്കാതെ തന്നിഷ്ടപ്രകാരമാണ് സെക്രട്ടറി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നായിരുന്നു പ്രസിഡന്റിന്റെ പരാതി.
ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറി ലത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു.
കഴിഞ്ഞ 22നാണ് പഞ്ചായത്ത് ഡയറക്ടറിന്റെ നിര്‍ദേശപ്രകാരം ലതയെ ആറാട്ടുപുഴ പഞ്ചായത്തിലേക്ക് മാറ്റിയത്.
പകരം ഹരിപ്പാട് പെര്‍ഫോമന്‍സ് ഓഡിറ്റിങ് ജൂനിയര്‍ സൂപ്രണ്ടായിരുന്ന ദിലീപ് കുമാറിനെ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല നല്‍കി നിയമിച്ചു.
തുടര്‍ന്ന് അദ്ദേഹം ചുമതല ഏല്‍ക്കുകയും ചെയ്തു. ഭരണസമിതിയോട് ആലോചിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ ആലോചിച്ചാണ് ചെയ്യുന്നതെന്നും മറിച്ചുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നമാണ് സെക്രട്ടറി ലത പറയുന്നത്.
എന്തായാലും പഞ്ചായത്തിലെ ജോലിക്കാര്‍ക്കെല്ലാം ഒരു നേരംപോക്കായി ഈ സംഭവം മാറി എന്നു പറഞ്ഞാല്‍ മതിയല്ലോ…