ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി മാസത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ സ്വന്തമാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശതാരമെന്ന റിക്കാർഡ് പേരിലാക്കിയതിന് പിന്നാലെയാണ് പുരസ്കാര നേട്ടം. കഴിഞ്ഞമാസം മൂന്നു മത്സരത്തിൽ ആറു ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം നേടിയത്.
കരിയറിൽ ഏഴാം തവണയാണ് അഗ്യൂറോ ലീഗിൽ “പ്ലെയര്‍ ഓഫ് ദ മന്ത്’ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ ഈ പുരസ്കാരം ഏറ്റവുമധികം സ്വന്തമാക്കുന്ന താരമെന്ന റിക്കാർഡും അർജന്റീനൻ താരം അഗ്യൂറോ സ്വന്തം പേരിലാക്കി. ഹാരി കെയ്ൻ, സ്റ്റീവൻ ജെറാർഡ് എന്നിവരെയാണ് താരം പിന്തള്ളിയത്. ഇവർ ആറു തവണം വീതം ഈ അവാർഡ് നേടിയിട്ടുണ്ട്.
നേരത്തെ, ഫ്രാൻസിന്റെ തിയറി ഹെൻറിയെ മറികടന്നായിരുന്നു ഏറ്റവും മികച്ച വിദേശ ഗോൾവേട്ടക്കാരനെന്ന നേട്ടം അഗ്യൂറോ സ്വന്തമാക്കിയത്. സ്വദേശ താരങ്ങളെക്കൂടി പരിഗണിച്ചാൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അഗ്യൂറോ. മുന്നിലുള്ളത് അലൻ ഷിയറർ (260), വെയ്ൻ റൂണി (208), ആൻഡി കോൾ (187) എന്നിവർ മാത്രം.