ഒരേനമ്പറില്‍ രണ്ട് എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ അന്വേഷണം.
വടകര മേമുണ്ട സ്വദേശിയുടെ പേരിലും പാനൂര്‍ സ്വദേശിയുടെ പേരിലുമാണ് കെ.എല്‍. 04 എ 4442 എന്ന നമ്പറില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ ഉള്ളത്.
1993ല്‍ ആലപ്പുഴയിലാണ് ഈ നമ്പറില്‍ ബൈക്ക് രജിസ്റ്റര്‍ചെയ്തത്. ഇതിനുശേഷം പലഘട്ടങ്ങളിലായി പലയാളുകളുടെപേരില് ഉടമസ്ഥാവകാശം മാറിയിട്ടുണ്ട്.
ഇരുവാഹനങ്ങള്‍ക്കും ഒറിജിനല്‍ ആര്.സി.യും ഉണ്ട്. മേമുണ്ട സ്വദേശിയുടെ പേരിലുള്ള ബുള്ളറ്റ് കൈമാറ്റം ചെയ്തെങ്കിലും ഉടമസ്ഥാവകാശം മാറിയിട്ടില്ല.
വടകരയിലെ ഒരു വ്യാപാരിയാണ് ഇപ്പോള്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഈ ബൈക്കിന് 2022 ജനുവരിയില്‍ വടകര ആര്.ടി.ഒ. 2026 വരെ കാലാവധി പുതുക്കിനല്‍കിയിട്ടുണ്ട്.
പാനൂര്‍ സ്വദേശിയുടെ ബുള്ളറ്റ് ഒന്നരമാസംമുമ്പ് കാലാവധി നീട്ടിക്കിട്ടാനായി രേഖകള്‍ ഹാജരാക്കിയപ്പോഴാണ് ഇതേനമ്പറില്‍ വടകര ആര്.ടി. ഓഫീസില്‍ ബുള്ളറ്റ് രജിസ്റ്റര്‍ചെയ്തതായി കണ്ടെത്തിയത്.
തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് ഇരുവാഹനങ്ങളും കസ്റ്റഡിയിലെടുത്ത് വടകരയിലെത്തിച്ചു. ചേസിസ് നമ്പര്‍ ഹാന്‍ഡ് മെയ്ഡ് പഞ്ചിങ് ആയതിനാല്‍ പെന്‍സില്‍ സ്കെച്ച് എടുത്ത് പരിശോധന നടത്തിയും കൂടുതല്‍ അന്വേഷണം നടത്തിയാലുംമാത്രമേ ഒറിജിനലും വ്യാജനും കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
കേസ് പോലീസിന് കൈമാറുമെന്ന് വടകര ആര്.ടി.ഒ. ഇന്‍ചാര്‍ജ് കെ. ബിജുമോന് പറഞ്ഞു.