വിമാനത്താവളത്തില്‍ പാതിരാത്രിയില്‍ രണ്ടു കുട്ടികളെ സ്‌കൂള്‍ യൂണിഫോമില്‍ വിമാനത്താവളത്തില്‍ കണ്ടാല്‍ ആരുമൊന്നമ്പരക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഇത്തരത്തില്‍ കൊയമ്പത്തൂര്‍ വിമാനത്താവളത്തില്‍ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടതോടെയാണ് സിഐഎസ്എഫ് കാര്യം തിരക്കിയത്. എന്നാല്‍ ഇവര്‍ പറഞ്ഞ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു. അച്ഛനമ്മമാര്‍ക്ക് സ്‌നേഹമില്ലാത്തതിനാലാണ് വീടുവിട്ടിറങ്ങിയതെന്നായിരുന്നു ഇവരുടെ മറുപടി.
ഉദുമല്‍പ്പേട്ട സ്വദേശികളായ വിദ്യാര്‍ഥിനികള്‍ 80 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. സ്‌കൂള്‍ വിട്ട സമയം പിന്നിട്ടതോടെ കുട്ടികള്‍ക്കായി നാട്ടില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പിന്നീട് സിഐഎസ്എഫ് ഉദുമല്‍പേട്ട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരും പൊലീസും വിമാനത്താവളത്തിലെത്തി കുട്ടികളെ ഉദുമല്‍പേട്ട സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
അതേസമയം ഇത്രയും ദൂരം കുട്ടികള്‍ സഞ്ചരിച്ച് എത്തിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇരുവരും പൊള്ളാച്ചി, കോയമ്പത്തൂര്‍ നഗരങ്ങള്‍ പിന്നിട്ട് ഒന്നിലേറെ ബസുകള്‍ മാറിക്കയറി മാത്രമെ വിമാനത്താവളത്തില്‍ എത്താനാകു. മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോയെന്നും, ഇത്രയുംദൂരം സഞ്ചരിക്കാനുള്ള പണം എങ്ങനെ സംഘടിപ്പിച്ചുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അച്ഛനമ്മമാര്‍ക്ക് സ്‌നേഹമില്ലെന്ന കാരണത്താല്‍ നാടുവിടാന്‍ തീരുമാനിച്ച് കൊണ്ടാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനികള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്.