ന്യൂഡൽഹി: കറൻസി റദ്ദാക്കലിനു ശേഷം 2016 നവംബറിൽ പുറത്തിറക്കിയ 2000 രൂപയുടെ കറൻസി പിൻവലിക്കാൻ ആലോചിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ.
ഇതു കൂടാതെ പത്തു രൂപയുടെ പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു നഗരങ്ങളിൽ പ്രചാരത്തിലാക്കാൻ തീരുമാനിച്ചതായും കേന്ദ്ര സഹമന്ത്രി പി. രാധാകൃഷ്ണൻ ലോക്സഭയെ അറിയിച്ചു. ഭാവിയിൽ വലിയ മൂല്യമുള്ള കറൻസി റദ്ദാക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
കൊച്ചി, മൈസൂരൂ, ജയ്പുർ, ഷിംല, ഭൂവനേശ്വർ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കുക. ഇന്ത്യൻ പ്രസുകളിൽത്തന്നെയായിരിക്കും പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുക. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്തവയായിരിക്കുമെന്നും പി. രാധാകൃഷ്ണൻ അറിയിച്ചു. എന്നാൽ, എന്നാണ് പുറത്തിറക്കുന്നതെന്ന് തീരുമാനമായിട്ടില്ല.