കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകം പണിപ്പെടുമ്പോള്‍ ആല്‍ഫ,ഡെല്‍റ്റ…എന്നിങ്ങനെ പുതിയ പുതിയ വകഭേദങ്ങളിലൂടെ രോഗം ലോകത്ത് ചുറ്റിക്കറങ്ങുകയാണ്.
ഇത്തരത്തില്‍ ഒരേ പ്രദേശത്ത് തന്നെ നിരവധി വകഭേദങ്ങള്‍ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു രോഗിക്ക് ഒന്നിലധികം വകഭേദങ്ങള്‍ ഒരുമിച്ച് പിടിപെടാമോ എന്ന സംശയവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുകയാണ്.
ബെല്‍ജിയത്തില്‍ 90 വയസ്സുകാരിക്ക് പിടിപെട്ട ഇരട്ട അണുബാധ ഈ സംശയങ്ങളെ സ്ഥിരീകരിക്കുകയാണ്. ഒരേ സമയം ആല്‍ഫ, ബീറ്റ വകഭേദങ്ങളാണ് രോഗിയില്‍ കണ്ടെത്തിയത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ മരണത്തിന് കീഴടങ്ങി.
അപൂര്‍വമാണെങ്കിലും ഇരട്ട അണുബാധ അസാധ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗബാധിതരായ ഒന്നിലധികം ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് അവരില്‍ നിന്നെല്ലാം വൈറസ് പിടിപെടാന്‍ സാധ്യതയുണ്ട്.
വൈറസ് ശരീരത്തില്‍ കയറി എല്ലാ കോശങ്ങളെയും ബാധിക്കാന്‍ എടുക്കുന്ന സമയത്തിനിടയില്‍ മറ്റൊരു വ്യക്തിയില്‍ നിന്ന് പുതിയ വകഭേദം ശരീരത്തിലെത്തിയാല്‍ ഇവയെ സ്വീകരിക്കാനും ചില കോശങ്ങള്‍ തയാറായേക്കുമെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എഞ്ചിനീയറിങ് ആന്‍ഡ് ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ വി എസ് ചൗഹാന് പറഞ്ഞു.
രണ്ട് സ്രോതസ്സില്‍ നിന്നു രണ്ട് വകഭേദം വരുന്നുണ്ടെങ്കിലും ഇത് അധിക പ്രഭാവം ഉണ്ടാക്കില്ലെന്നും ചൗഹാന് പറയുന്നു. എല്ലാ വകഭേദങ്ങളും ഒരേ തരത്തിലാണ് രോഗിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്.
രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചായിരിക്കും രോഗത്തിന്റെ തീവ്രത. ഇരട്ട അണുബാധ കേസുകള്‍ എച്ച്ഐവി രോഗികളില്‍ സാധാരണമാണെന്നും ചൗഹാന് ചൂണ്ടിക്കാട്ടി.