കണ്ണൂർ: മോട്ടോർ സൈക്കിൾ ഓടിക്കുന്നയാൾ പിന്നിൽ ഇരിക്കുന്ന ആളുമായി സംസാരിച്ചാൽ പിഴ ഈടാക്കുമെന്ന പ്രചാരണം തെറ്റ്. പിഴ ഈടാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നിർദേശമുണ്ടെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മോട്ടോർ വാഹന വകുപ്പ് പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കുന്നത്.
മോട്ടോർ വാഹന നിയമത്തിൽ ഓരോ നിയമലംഘനവും ചുമത്തേണ്ട പിഴയും കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർ സംസാരിക്കുന്നത് കുറ്റമായി മോട്ടോർ വാഹനനിയമത്തിൽ പറയുന്നില്ല. അതിനു പിഴത്തുകയും പറയുന്നില്ല.
ഇത്തരം പ്രചാരണത്തിനു കാരണമായത്, ഒരാൾ ട്രാൻസ്പോർട്ട് കമ്മീഷണർക്കു നൽകിയ ഒരു കത്താണ്. ഇതിൽ പറയുന്നത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന ആൾക്കാർ സംസാരിക്കുന്നതു വാഹനം ഓടിക്കുന്ന ആളുടെ ശ്രദ്ധ കുറയാൻ കാരണമാകുമെന്നും അതുകൊണ്ട് അത് അപകടത്തിനു കാരണമാകുമെന്നുമാണ്.
റോഡിലെ വാഹന പരിശോധനാ സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നാവശ്യപ്പെട്ട് ഈ കത്ത് എല്ലാ ഓഫീസുകളിലേക്കും ട്രാൻസ്പോർട്ട് കമ്മീഷണർ അയച്ചുകൊടുത്തിരുന്നു. അല്ലാതെ, പിഴ ചുമത്താൻ നിർദേശം നല്കിയിരുന്നില്ല. എന്നാൽ, പിഴ ചുമത്താൻ ഉത്തരവുണ്ടെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.
റെനീഷ് മാത്യു