
അഫ്ഗാനിസ്ഥാനില്‍ വനിതകളായ രണ്ട് സുപ്രീം കോടതി ജഡ്ജിമാരെ അക്രമികള്‍ വെടിവച്ചു കൊന്നു. കാബൂളിന് സമീപം ഇന്നുരാവിലെയായിരുന്നു സംഭവം.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരുമ്പോള്‍ തോക്കുധാരി ഇവര്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു.
ജഡ്ജിമാര്‍ സഞ്ചരിച്ച വാഹനത്തിന്റെ െൈഡ്രവര്‍ക്കും പരിക്കേറ്റു. കോടതിയുടെ തന്നെ വാഹനത്തിലാണ് ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ പിന്നില്‍ താലിബാനാണെന്നാണ് സൂചന.
അടുത്തിടെയായി രാജ്യത്ത് കൂടിവരുന്ന ആക്രമ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. അടുത്തിടെ നടന്ന ആക്രമണങ്ങളെല്ലാം ഡോക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രധാനികളെ കേന്ദ്രീകരിച്ചായിരുന്നു.
ജനങ്ങളെ ഭയപ്പെടുത്താനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ സൈനികരുടെ എണ്ണം 2,500 ആക്കി കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനുശേഷമാണ് ആക്രമണങ്ങളുടെ ശക്തി കൂടിയത്.
2017 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാന് സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കോടതി ജീവനക്കാരുള്പ്പടെയുളളവരുടെ ഇടയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അമേരിക്കന്‍ സേനയുടെ പിന്മാറ്റം രാജ്യം വീണ്ടും താലിബാന്റെ പിടിയിലമരാന്‍ കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്.