വെറും രണ്ടു വയസിനുള്ളില്‍ തന്നെ ലോകമറിപ്പെടുന്ന ആളാകുക. അത്തരത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യം ലഭിച്ച ഒരാളാണ് സെറ എന്ന കുട്ടിത്താരം.
പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സെറയെ തങ്ങളുടെ പരസ്യമോഡലാക്കാന് താത്പര്യമറിയിച്ച് നിരവധി ബ്രാന്‍ഡുകളാണ് എത്തുന്നത്. ഇതോടൊപ്പം സിനിമയിലേക്കും വിളിയെത്തി.
തൃശൂര്‍ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെ ഏക മകളാണ് സെറ. ഇന്നും ഇന്നലെയുമല്ല, കൃത്യമായി പറഞ്ഞാല്‍ മാമോദീസയുടെ അന്നു മുതലേ കുഞ്ഞുസെറ താരമാണ്.

മാമോദീസയ്ക്കായി എടുത്ത ചിത്രങ്ങളാണ് സെറയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.ചടങ്ങിലെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയതിനു പിന്നാലെ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
തുടര്‍ന്ന് സെറയ്ക്കുവേണ്ടി ഫോട്ടോഷൂട്ടുകള്‍ നടത്താന്‍ ആരംഭിച്ചതോടെ പരസ്യചിത്രങ്ങളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി.

ഇതിനകം അഞ്ചിലേറെ കമ്പനികളുടെ പരസ്യങ്ങളില്‍ സെറ അഭിനയിച്ചു. കേരളത്തിലെ 26 ഓണ്‍ലൈന്‍ സൈറ്റുകളെ കൂടാതെ സൗദി, ദുബായ്, ബഹ്റൈന്‍, കാനഡ, യുകെ എന്നിങ്ങനെയുള്ള ഇന്റര്‍നാഷണല്‍ സൈറ്റുകള്‍ക്കു വേണ്ടിയും, നിരവധി മാഗസിനുകള്‍, പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിവക്ക് വേണ്ടിയും സെറയുടെ ചിത്രങ്ങള്‍ പകര്‍ത്തി കഴിഞ്ഞു. അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോള്‍.

ദുബായിയില്‍ എയര്‍പോര്‍ട്ട് ക്വാളിറ്റി വിഭാഗത്തിലാണ് സെറയുടെ അച്ഛന് സനീഷ് ജോലി ചെയ്യുന്നത്. അമ്മ സിജി അവിടെ നഴ്സുമാണ്. സനീഷിനൊപ്പമാണ് സെറ ഷൂട്ടിനായി എത്തുന്നത്.
ഏതു മൂഡിലായിരുന്നാലും കാമറ ഓണായാല്‍ സെറയും ഓണാകും. കളിയും ചിരിയുമായി കാഴ്ചക്കാരെ കൈയിലെടുക്കാന്‍ ഈ കുഞ്ഞുമിടുക്കിക്ക് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്.