എകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസില്‍ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി.നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ്.
ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന് സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി.
കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു.
സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. സുഹൈല്‍ ഷാജഹാന് വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്.
25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോഴാണ് കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തി സ്ഫോടക വസ്തു എറിഞ്ഞത്.