ന്യൂഡല്‍ഹി: സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടിയതും കറന്റ് അക്കൗണ്ടുകളില്‍ 12.5 ലക്ഷം രൂപയില്‍ കൂടിയതുമായ നിക്ഷേപങ്ങളെപ്പറ്റി വിവരമറിയിക്കണമെന്ന് ആദായനികുതിവകുപ്പ്. ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എ ന്നിവയ്ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കിയത്.
നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവിലുള്ള നിക്ഷേപങ്ങളെപ്പറ്റിയാണ് അറിയിക്കേണ്ടത്. 500 രൂപ, 1000 രൂപ കറന്‍സികള്‍ പിന്‍വലിച്ച സാഹചര്യത്തിലാണിത്. ആ കറന്‍സികള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാന്‍ അനുമതി ഉണ്ട്. ഈ അനുമതി ഉപയോഗിച്ചു കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്നറിയാനാണു വിവരശേഖരണം.
ഈ കാലയളവില്‍ എസ്ബി അക്കൗണ്ടിലേക്ക് ഒന്നിച്ചോ പലതവണയായോ രണ്ടര ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അറിയിക്കണം. രണ്ടരലക്ഷം രൂപ എന്നതു സാധാരണ പൗരന്റെ ആദായനികുതി ഒഴിവുപരിധിയാണ്.ഒരാള്‍ക്കു പല കറന്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ അവയിലെ മൊത്തം തുക 12.5 ലക്ഷം കവിഞ്ഞാല്‍ അറിയിക്കണം.
2017 ജനുവരി 31–നകം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആന്വല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ (എഐആര്‍) സംബന്ധിച്ച ചട്ടങ്ങളില്‍ ഇതനുസരിച്ചു ഭേദഗതി വരുത്തി. ഇതുവരെ 10 ലക്ഷം രൂപയില്‍ കൂടിയ കൈമാറ്റങ്ങള്‍ അറിയിച്ചാല്‍ മതിയായിരുന്നു.