ബാങ്ക് ജീവനക്കാരനെയും ഒപ്പം ബൈക്കില്‍ സഞ്ചരിച്ച സഹപ്രവര്‍ത്തകയായ മുസ്ലിം യുവതിയെയും വഴിയില്‍ വെച്ച് ആക്രമിച്ചവര്‍ പിടിയില്‍.
ബെംഗളുരുവിലാണ് സംഭവം. 35കാരിയായ ബാങ്ക് ജീവനക്കാരി ജോലികഴിഞ്ഞ് സമയം വൈകിയതിനാല്‍ സഹപ്രവര്‍ത്തകനായ യുവാവിനോട് വീട്ടില്‍ എത്തിക്കാന്‍ സഹായം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവാവ് തന്റെ ബൈക്കില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. താന്‍ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന കാര്യം യുവതി വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തിരുന്നു.
രാത്രി 9.30നായിരുന്നു സംഭവം. ഈ സമയം രണ്ട് പേര് ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ബുര്‍ഖയായിരുന്നു യുവതിയുടെ വേഷം.
യുവതിയെ ബൈക്കില്‍ കയറ്റിയതിനെ കുറിച്ചായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയാണെന്നു പറയാനും ഇവര്‍ മറന്നില്ല.
എന്നാല്‍ ഭാര്യ സഹപ്രവര്‍ത്തകനൊപ്പമാണ് വരുന്നതെന്ന് തനിക്ക് അറിയാമെന്ന് ഭര്‍ത്താവ് മറുപടിയും നല്‍കിയതോടെ ഇവര്‍ നിരാശരായി.
തുടര്‍ന്ന് യുവതിയെ ബൈക്കില്‍ നിന്നും വലിച്ചിറക്കിയ യുവാക്കള്‍ ഓട്ടോ പിടിച്ച് യുവതിയെ അതില്‍ കയറ്റി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു.
യുവതിയേയും സഹപ്രവര്‍ത്തകനേയും യുവാക്കള്‍ അധിക്ഷേപിക്കുകയും ചെയ്തു.ബംഗളുരു നഗരത്തിലെ തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ വെച്ചാണ് ഇത്രയും സംഭവങ്ങള്‍ നടന്നത്.
രണ്ട് യുവാക്കള്‍ ചേര്‍ന്ന് യുവതിയേയും സഹപ്രവര്‍ത്തകനേയും അധിക്ഷേപിക്കുന്നതിന്റെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ യുവതി നല്കിയ പരാതിയിലാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുറ്റവാളികളെ കണ്ടെത്തി ഇവരുടെ ഫോണ്‍നമ്പര്‍ പിന്തുടര്ന്നാണ് പിടികൂടിയത്.
ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. 24ഉം 26ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്. സംഭവത്തില്‍ തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും യുവാക്കള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് അറിയിച്ചു.