സ്വകാര്യ ക്ലിനിക്കിൽവച്ച് രണ്ട് നവജാതശിശുക്കൾ മരിച്ചതിൽ പരാതിയുമായ് കുടുംബം. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. സുഖമായി ഉറങ്ങാൻ ക്ലിനിക്കിന്റെ ഉടമ ഡോ. നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർ കണ്ടീഷണർ ഓൺ ചെയ്തതായി നവജാത ശിശുക്കളുടെ കുടുംബങ്ങൾ ആരോപിച്ചു. ഇതേത്തുടർന്ന് പിറ്റേന്ന് രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ നീതുവിനെതിരെ ഐപിസി സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ നേത്രപാൽ സിംഗ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ അറിയിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ശർമ്മ പറഞ്ഞു.
ശനിയാഴ്ച കൈരാനയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ ജനിച്ചതായും പിന്നീട് അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയതായും പരാതിയിൽ പറയുന്നു.
ഇവരെ ചികിത്സയ്ക്കായി ഫോട്ടോ തെറാപ്പി യൂണിറ്റിൽ പാർപ്പിച്ചു. ശനിയാഴ്ച രാത്രി ഉറങ്ങാൻ നീതു എയർകണ്ടീഷണർ സ്വിച്ച് ഓൺ ചെയ്തു. അടുത്ത ദിവസം രാവിലെ രണ്ട് കുട്ടികളെയും യൂണിറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ കുടുംബം കുഞ്ഞുങ്ങളെ കാണാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
സംഭവത്തിൽ കുടുംബങ്ങൾ പ്രതിഷേധിക്കുകയും നീതുവിനെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു.