എം.സുരേഷ്ബാബു
ഉത്സവദിന രാത്രങ്ങൾക്കും ഘോഷയാത്രകൾക്കും മിഴിവേകുന്നതാണ് നാടൻ കലാരൂപങ്ങൾ. കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ജിവിതങ്ങളുടെ കൂട്ടത്തിൽ നാടൻകലകളെ അവതരിപ്പിക്കുന്ന ആയിരത്തിൽപരം കലാകാരൻമാരുടെ ജീവിതവും വഴിമുട്ടി.
തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് കന്പനിമുക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവശക്തി നാടൻകലാ രൂപസമിതി ഉടമയും കലാകാരനുമായ പ്രദീപിന്റെ കഥയും വ്യത്യസ്തമല്ല.
പ്രദീപിന്റെ സമിതിയിലെ ഐറ്റങ്ങളായിരുന്നു തെയ്യം, പൂക്കാവടി, കർണാടക ബൊമ്മലാട്ടം, കർണാടക മോഡൽ ഹനുമാൻ, കണ്ണൂർ മോഡൽ തെയ്യം, മയിലാട്ടം, പരുന്ത്, പാവക്കൂത്ത്, പുരാണ വേഷങ്ങളിട്ട കഥാപാത്രങ്ങൾ മുതലായവ.
ഉത്സവ സീസണുകളിലും വിവിധ സാംസ്കാരിക പരിപാടികളിലും നാടൻ കലാരൂപങ്ങളെ അവതരിപ്പിച്ചു കിട്ടുന്ന പ്രതിഫലം കൊണ്ടാണ് പ്രദീപും സഹപ്രവർത്തകരും കുടുംബങ്ങൾ പുലർത്തി വന്നിരുന്നത്.
വാടക വീട്ടിലെ സങ്കടങ്ങൾ
അറുപതിൽപരം കലാകാരൻമാരുടെ അന്നം ഈ സമിതിയെ ആശ്രയിച്ചായിരുന്നു. കോവിഡ് മഹാമാരി സർവമേഖലകളെയും തകർത്തെറിഞ്ഞതോടെ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന കലാകാരൻമാരുടെയും ജീവിതങ്ങൾ വഴിമുട്ടുകയായിരുന്നു.
പ്രോഗ്രാം ഉള്ള കാലയളവിൽ 1,000 രൂപ മുതൽ 1,500 രൂപ വരെ ഓരോ കലാകാരന്മാർക്കും പ്രതിഫലം കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന കലാകാരൻമാർ കടബാധ്യതകളുടെ നടുവിലാണ്.
സ്വന്തമായി വീടും പുരയിടവുമില്ലാത്ത പ്രദീപ് വാടക വീട്ടിലാണ് താമസം. ഭാര്യയും മൂന്നു പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. ആറ് വയസ്, നാല് വയസ്, മൂന്നു മാസം ഇതാണ് കുട്ടികളുടെ പ്രായം.
നാലു ലക്ഷത്തിൽപരം രൂപ ചെലവിട്ടാണ് തെയ്യം ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ രൂപകൽപ്പന ചെയ്ത് അരങ്ങുകളിൽ അവതരിപ്പിച്ചിരുന്നത്.
വരുമാനം നിലച്ചതോടെ നിർമാണ ആവശ്യങ്ങൾക്കായി പണം കടം വാങ്ങിയവരുടെ ബാധ്യത തീർക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
35 തെയ്യങ്ങൾ ഉണ്ടായിരുന്നതിൽ അഞ്ച് എണ്ണം ഒഴികെ മറ്റുള്ളവ കേടുപാടുകൾ സംഭവിച്ചു നശിച്ചു. ഉപയോഗിക്കാതെ ഇരുന്നു പുരാണ വേഷങ്ങളും രൂപങ്ങളും കേടായി.
ബൊമ്മയാട്ടത്തിനു പണിത എട്ട് ബൊമ്മകളിൽ നാലെണ്ണം നശിച്ചു പോയി. കൂടാതെ പുതുതായി രൂപം നൽകിയ കലാരൂപങ്ങളും ഉപയോഗശൂന്യമായി. ലക്ഷക്കണക്കിനു രൂപയുടെ സാധന സാമഗ്രികൾ നഷ്ടമായി.
കോവിഡിനെത്തുടർന്നു ജീവിതം വഴി മുട്ടിയതോടെ പ്രദീപ് പുതിയ മേഖല തേടി. കെട്ടിട നിർമാണ മേസ്തിരി പണിക്കിറങ്ങി. ഇതിനിടെ, താഴേക്കു വീണു നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റു.
ആറു മാസത്തോളം കിടപ്പിലായിരുന്നു പ്രദീപ്. ഉയരത്തിൽനിന്നുള്ള വീഴ്ചയെത്തുടർന്നു നട്ടെല്ലിനു പൊട്ടലേറ്റിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെ ങ്കിലും കുടുബത്തെ മുന്നോട്ടുകൊണ്ടു പോകാനായി പാചക സഹായിയായും പെയിന്റിംഗ് തൊഴിലാളിയായും ജീവിതത്തിൽ വേഷം കെട്ടുകയാണ് പ്രദീപ്. കോവിഡ് മഹാമാരി മാറി വീണ്ട ും കലാജീവിതത്തിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദീപും കുടുംബവും കലാകാരൻമാരും.
ഇനി എന്തു ചെയ്യും?
കോവിഡ് കാലത്തു ജീവിതം ദുരിതത്തിലായ മറ്റൊരു തെയ്യം കലാകാരനാണ് വർക്കല മണന്പൂർ സ്വദേശിയായ മണിലാൽ.
മൂന്നു സെന്റിലെ ചെറിയ വീട്ടിൽ അച്ഛൻ, അമ്മ, അനുജൻ, സഹോദരി ഉൾപ്പെടെയുള്ളവരുടെ അത്താണിയാണ് മണിലാൽ. തെയ്യം ആടി ലഭിച്ചു കൊണ്ട ിരുന്ന പ്രതിഫലത്തിലായിരുന്നു കുടുംബം കഴിഞ്ഞു വന്നിരുന്നത്. മണിലാലിന്റെ അമ്മ കാൻസർ രോഗിയായാണ്. അച്ഛനു ശ്വാസമുട്ടലിനെ തുടർന്നുള്ള അസുഖങ്ങളും.
മാതാപിതാക്കളുടെ ചികിത്സാ ചെലവുകളും കുടുംബാംഗങ്ങളുടെ അന്നവും വസ്ത്രവും എല്ലാം നൽകി നോക്കുന്നതു മണിലാലായിരുന്നു.
കോവിഡ് മൂലം തെയ്യം ആടൽ ഇല്ലാതായതോടെ കെട്ടിട നിർമാണ തൊഴിലിലേക്കും ചുമട്ട് തൊഴിലാളിയായും ജീവിതം മുന്നോട്ടുകൊണ്ടു പോകവേയാണ് ഒരു ദിവസം മണിലാൽ നെഞ്ച് വേദനയെത്തുടർന്നു കുഴഞ്ഞു വീണത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചു നടത്തിയ പരിശോധനയിൽ ഹൃദയാഘാതം സ്ഥിരീകരിച്ചു. ഇതോടെ കഠിന ജോലികൾക്കു പോകാൻ സാധിക്കാത്ത അവസ്ഥയിലുമായി. ഇപ്പോഴത്തെ ദുരിതകാലം മാറി വീണ്ട ും പഴയ പോലെ ഉത്സവ മാമാങ്കങ്ങൾ പുലരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
ലോണിൽ കുടുങ്ങിയ വിഷ്ണു
കൊല്ലം ചിറക്കര മഹാദേവ കലാസമിതി ഉടമയും നാടൻ കലാകാരനുമായ വിഷ്ണുവിന്റെ ജീവിതവും ദുരിതപൂർണമാണ്.
കഴിഞ്ഞ 16 വർഷക്കാലമായി ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന വിഷ്ണു ലോണെടുത്താണ് തെയ്യം ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾ നിർമിച്ച് ഉത്സവ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു വന്നിരുന്നത്.
സ്വന്തമായി വീടില്ലാതിരുന്ന വിഷ്ണു ബാങ്കിൽ നിന്നും ലോണെടുത്തു വീട് നിർമിക്കുകയും ഒരു തുക ഉപയോഗിച്ച് കലാരൂപങ്ങളുടെ വിപുലീകരണവും നടത്തി.
കോവിഡ് മഹാമാരി സർവ മേഖലകളെയും തകർത്തതോടെ ലോണ് തിരിച്ചടവ് മുടങ്ങി. ഇതേത്തുടർന്നു വീടും പുരയിടവും ജപ്തി ചെയ്യാൻ നോട്ടീസ് അയച്ചിരിക്കുകയാണ് ബാങ്ക് .
അമ്മയും ഭാര്യയും അനുജനും കഴിയുന്നത് വിഷ്ണുവിന്റെ വരുമാനത്തെ ആശ്രയിച്ചാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമ്മ ആയൂർവേദ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.
ജപ്തി ഭീഷണി നേരിടുന്ന ഈ കലാകാരനും തന്റെ കുടുംബത്തെ കരകയറ്റാൻ പരിചയമില്ലാത്ത തൊഴിൽ മേഖലകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
ഉത്സവത്തിന്റെ വസന്തകാലം ഇനിയും വരുമെന്ന പ്രതീക്ഷ മാത്രമാണ് വിഷ്ണവിനെയും ട്രൂപ്പിലെ മുപ്പതോളം പേരെയും മുന്നോട്ടു നയിക്കുന്നത്.