കൊച്ചി: സംസ്ഥാനത്തെ സര്ക്കാര് ഓഫീസുകളില് എല്ഡി ക്ലര്ക്കുമാര് ഇനി മുതല് കംപ്യൂട്ടര് അറിഞ്ഞിരിക്കണം. മലയാളവും ഇംഗ്ലീഷും ടൈപ്പ് ചെയ്യാന് ഏത് ആപ്ലിക്കേഷന് ഉപയോഗിച്ചാലും പ്രശ്നമില്ല അക്ഷരങ്ങള് വേഗത്തില് ടൈപ്പ് ചെയ്താല് മതിയെന്നാണ് സര്ക്കാര് ഉത്തരവിറക്കിയിട്ടുള്ളത്. വേര്ഡ് പ്രോസസിംഗ് സോഫ്ട്വെയർ നിര്ബന്ധമില്ലെന്നും തിരുത്തിയ സര്ക്കാര് ഉത്തരവിൽ പറയുന്നു.
കംപ്യൂട്ടര് വേര്ഡ് ആപ്ലിക്കേഷനോ തത്തുല്യമായ ആപ്ലിക്കേഷനോ എല്ഡി ക്ലര്ക്കുമാര്ക്ക് നിര്ബന്ധം എന്നായിരുന്നു സര്ക്കാര് ഉത്തരവ്. 2022 മുതല് ജോലിയില് പ്രവേശിച്ചവര്ക്കായിരുന്നു ഈ ഉത്തരവ് ബാധകമായിരുന്നത്.
പ്രൊബേഷന് കാലാവധി പൂര്ത്തിയാക്കണമെങ്കിലും വേര്ഡ് ആപ്ലിക്കേഷന് പരിജ്ഞാനം നിര്ബന്ധമായിരുന്നു. ഇതിനെതിരേ ജീവനക്കാര് തന്നെ പരാതി നല്കി. ഇതിന് പിന്നാലെയാണ് സര്ക്കാര് ആപ്ലിക്കേഷന് ഏതായാലും മതിയെന്ന തീരുമാനത്തിലെത്തിയത്.
ഇനി മുതല് ഉദ്യോഗസ്ഥര്ക്ക് കംപ്യൂട്ടര് പരിജ്ഞാനം നിര്ബന്ധമാണ്. ആപ്ലിക്കേഷന് ഏതായാലും ഒരു മിനിറ്റില് 15 മലയാളം വാക്കും 20 ഇംഗ്ലീഷ് വാക്കും ടൈപ്പ് ചെയ്യാന് കഴിയണം.
അങ്ങനെയുള്ളവരെ മേലുദ്യോഗസ്ഥര്ക്ക് പ്രൊബേഷന് കാലാവധി പൂര്ത്തിയാക്കിയതായി അംഗീകരിക്കാം എന്നാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കരണ വകുപ്പ് തിരുത്തിയ സര്ക്കാര് ഉത്തരവിലുള്ളത്.
ഐഎംജി, മറ്റ് വകുപ്പ് പരിശീലന സ്ഥാപനങ്ങള് എന്നിവ നടത്തുന്ന ഇന്ഡക്ഷന് ട്രെയിനിംഗ് ഇതിനായുള്ള മറ്റ് പരിശീലന പരിപാടികള് എന്നിവയുടെ ഭാഗമായുള്ള ഹ്രസ്വകാല കോഴ്സിലൂടെ ജീവനക്കാര് മേല്പ്പറഞ്ഞ കഴിവുകള് ആര്ജിച്ചിട്ടുണ്ടെന്ന ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് ജീവനക്കാര് യോഗ്യരാണെങ്കില് പ്രൊബേഷന് കാലാവധി പൂര്ത്തിയായതായി കണക്കാക്കാമെന്നും ഉത്തരവിലുണ്ട്.
- സീമ മോഹന്ലാല്