കായംകുളം : മറ്റുള്ളവരെ അപമാനിക്കാനായി ആര് എന്തു പറഞ്ഞാലും വാർത്തയാക്കുകയും ആരെയെങ്കിലും അപമാനിക്കാനായി ആരെങ്കിലും പറയുന്നതൊക്കെ വിളിച്ചു പറയുന്നതുമാണോ മാധ്യമ ധർമ്മമെന്ന് പൊട്ടിത്തെറിച്ച് കായംകുളത്തെ സിപിഎം എംഎൽഎ യു. പ്രതിഭ രംഗത്ത്.
മുന്പ് തനിക്കെതിരെയുള്ള മാധ്യമ വാർത്തകൾക്കെതിരേ ഇവർ വിമർശനം ഉയർത്തിയിരുന്നു. അന്ന് മാധ്യമ പ്രവർത്തകരെ മോശമായ വാക്കുകൾ ഉപയോഗിച്ച് അവഹേളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
വിഷയത്തിൽ സി പി എം ജില്ലാ നേതൃത്വവും ഇടപെട്ടിരുന്നു.ഇപ്പോൾ വീണ്ടും ഫേസ് ബുക്ക്പേജിലൂടെയാണ് പ്രതിഭ എം എൽ എ മാധ്യമങ്ങൾക്കും ചില മാധ്യമ വാർത്തകൾക്കെതിരെ രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂർണ രൂപം:
രാഷ്്ട്രീയ പ്രവർത്തകർ ആകുന്പോൾ വിമർശനം കേൾക്കേണ്ടി വരുന്നതു ന്യായം. പക്ഷേ, ചെയ്യാത്ത കാര്യങ്ങൾ, ഇല്ലാത്ത കാര്യങ്ങൾ ഇവ വാർത്തകളായി പടച്ച് ചമച്ച് വിടുന്പോൾ നിങ്ങൾക്ക് ക്ഷണനേരമായിരിക്കും അത് ആസ്വദിക്കാനും ആഹ്ലാദിക്കാനും കഴിയുക.
പക്ഷേ, രാഷ്്ട്രീയത്തിൽ നിൽക്കുന്നവരുടെ മനസിനുള്ള പാകത ബന്ധുക്കൾക്കും നാട്ടുകാർക്കും കൂട്ടുകാർക്കും കേൾക്കുന്ന മറ്റുള്ളവർക്കും ഉണ്ടാകണം എന്നില്ല..
പക്ഷേ, വ്യാജ വാർത്തകൾക്കു പിന്നാലെ അത് ആസ്വദിക്കുന്നവരേക്കാൾ വേദനിക്കുന്നവർ ഉണ്ടാകും എന്ന വലിയ സത്യം നിങ്ങളൊക്കെ തിരിച്ചറിയണം.
മറ്റുള്ളവരെ അപമാനിക്കാനായി ആര് എന്ത് പറഞ്ഞാലും വാർത്തയാക്കുന്നവർ പറയുന്ന ഒരു ന്യായം ഉണ്ട് ഞങ്ങൾ എന്തു ചെയ്യാനാ അവർ ഞങ്ങളോട് നിർബന്ധിക്കുന്നു നിങ്ങൾക്കെതിരെ വാർത്തയിടാൻ എന്ന്..
അങ്ങനെ ആരെയെങ്കിലും അപമാനിക്കാനായി ആരെങ്കിലും പറയുന്നതൊക്കെ വിളിച്ചു പറയുന്നതാണോ മാധ്യമ ധർമം. ഏതു ജോലിയും സത്യസന്ധമായി ചെയ്യുന്പോഴാണ് എല്ലാവർക്കും സന്തോഷം കിട്ടുക.. അല്ലാതെ മദ്യപ സംഘങ്ങളോ അധികാര മോഹികളോ വിളിച്ചു പറയുന്ന കൊച്ചുവർത്തമാനങ്ങൾ വലിയ വാർത്തകൾ ആയി അതേപടി പകർത്തി വിളന്പുകയല്ല വേണ്ടത്.
മറ്റൊരാളിൽ നിന്ന്് ഒന്നും ആഗ്രഹിക്കാതെ പൊതുപ്രവർത്തനത്തിൽ നിന്നിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ എന്ന് എനിക്ക് തല ഉയർത്തി പറയാൻ ആവുന്നത് കൊണ്ട് തന്നെ അനാവശ്യമായി എന്നെ മാധ്യമങ്ങൾ ടാർജറ്റ് ചെയ്യുന്നത് അതിശയത്തോടെ ഞാൻ നോക്കി നിൽക്കുമായിരുന്നു..
ഇപ്പോ ആ അതിശയം മാറി..കാരണം ഇന്ന് സമാനമായ ആക്രമണങ്ങൾ അത് നട്ടെല്ലുള്ളവർക്ക് നേരെയാണെന്ന് ഓരോ ദിവസവും നമ്മെ ബോധ്യപ്പെടുത്തുന്നു. ആരും ആർക്കെതിരെയും നുണ പറഞ്ഞ് കൊടുക്കാൻ മാധ്യമങ്ങളെ ഉപയോഗിക്കരുത്.
അങ്ങനെ ആയാൽ അവർ ഒരു നുണ ഫാക്ടറി ആയി മാറി പോകും. നേരിന്റെ പത്രപ്രവർത്തനം ഓർമയിൽ മാത്രമാകും. മാധ്യമങ്ങളെ ഇനിയെങ്കിലും ഒന്നു മാറി ചിന്തിക്കൂ .. നേരിന്റെ തെളിഞ്ഞ കണ്ണാടി ആക.
വ്യാജ കാഴ്ചകൾ വ്യാജ വാർത്തകളും നിങ്ങളുടെ നേരിന്റെ കാഴ്ചകൾ മറക്കാതെ ഇരിക്കും നന്മ വിതച്ചാൽ നന്മ കൊയ്യാം നമ്മൾക്ക് .
എനിക്കെതിരെയും മാധ്യമങ്ങളിൽ വന്ന വ്യാജ വാർത്തകൾ വായിച്ച് പ്രചരിപ്പിച്ച ചിലർ (ഇപ്പോഴും പ്രചരിപ്പിക്കുന്നവർ ) കമന്റ് ബോക്സിൽ വന്ന് കുരു പൊട്ടി മരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അല്ല ചില കോണ്ഗ്രസുകാർക്ക് എന്തിനാ ഇതു വായിച്ച് ഇങ്ങനെ പൊള്ളുന്നേ..