ആലപ്പുഴ : ഏതെങ്കിലും സംഘടനാ പ്രവർത്തകൻ പറയുന്നത് സംഘടനയുടെ അഭിപ്രായം എന്ന തരത്തിൽ വാർത്ത നൽകുന്നത്തിലും നല്ലത് മാധ്യമ പ്രവർത്തകർ ശരീരം വിറ്റു ജീവിക്കുന്നതാണെന്ന് യു. പ്രതിഭ എം എൽ എ.
ഡി വൈ എഫ് ഐ പ്രവർത്തകരും എം എൽ എ യുമായി ഉണ്ടായ നവമാധ്യമ സംവാദം വാർത്തയായ പശ്ചാത്തലത്തിൽ ഫേസ് ബുക്ക് ലൈവ് ആയിട്ടായിരുന്നു അതിരു കടന്ന വാക്ക് പ്രയോഗം.
ഏതെങ്കിലും സംഘടനാ പ്രവർത്തകൻ പറയുന്നത് സംഘടനയുടെ അഭിപ്രായം എന്ന തരത്തിൽ വാർത്ത നൽകുന്നത്തിലും നല്ലത് ശരീരം വിറ്റു ജീവിക്കുന്നതാണ്. നിങ്ങളുടെ പരിലാളനയിൽ വളർന്ന ആളല്ല ഞാൻ. പ്രസ്ഥാനം ആണ് എന്നെ കൈ പിടിച്ചുയർത്തിയത്.
പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ ചോർത്തി നൽകാത്തതിന്റെ ദേഷ്യം തീർക്കുകയാണെന്നും കുറ്റപ്പെടുത്തി. ചിലരുടെ ദീർഘ നിശ്വാസങ്ങൾ പോലും വാർത്തയാകുന്നു. എം എൽ എ ഓഫീസ് പൂട്ടി എം എൽ എ വീട്ടിലിരിക്കുകയാണെന്നു കായംകുളത്തെ ഡിവൈഎഫ് ഐ നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
കോവിഡിന് ശേഷം ചില വിഷ വൈറസുകളെ വാവ സുരേഷിനെ വിട്ട് പിടികൂടാനുണ്ടെന്ന് എം എൽ എ യും വിമർശിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയും ആയി. എം എൽ എ യുടെ പ്രതികരണത്തിൽ കെ യു ഡബ്ല്യൂ ജെ സംസ്ഥാന കമ്മിറ്റിയും ആലപ്പുഴ ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു