കായംകുളം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനുള്ള പിന്തുണ ആവർത്തിച്ച് സിപിഎം എംഎല്‍എ അഡ്വ. യു. പ്രതിഭ വീണ്ടും രംഗത്ത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന്റെ നിലപാടിനെ തള്ളിയതിനു പിന്നാലെയാണ് പാർട്ടി അൻവറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ വ്യക്തമാക്കിയത്. ആജീവനാന്ത പിന്തുണയാണ് അൻവറിനു നല്‍കിയത്.
ഈ വിഷയത്തില്‍ ആദ്യം മുതല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്കു മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നല്കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അൻവറിന്റെ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സർവീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.
എഡിജിപി എം.ആർ. അജിത്കുമാറിനെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്റെ ധൈര്യത്തിന് പിന്തുണ നല്‍കേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങള്‍ തനിക്കും ഉണ്ടായിട്ടുണ്ട്.
എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാൻ പാടില്ല. സർവീസില്‍ ഇരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കമുണ്ട്. ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് എന്തും പറയാം, പ്രവർത്തിക്കാം. സുരേഷ് ഗോപി സിനിമാ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം.
ജനപ്രതിനിധികളായാലും സത്യസന്ധമായി മനുഷ്യർക്ക് വേണ്ടിയാണ് പണിയെടുക്കേണ്ടതെന്നും യു. പ്രതിഭ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശിശിക്കെതിരേയും എഡിജിപി എം.ആർ. അജിത്കുമാർ ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ച ആദ്യഘട്ടത്തിൽതന്നെ അൻവറിനെ പിന്തുണച്ച് പ്രതിഭ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ചില ഓൺ ലൈൻ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് പ്രതിഭ അൻവറിനുള്ള പിന്തുണ ആവർത്തിച്ചത്.