സ്വന്തം ലേഖകൻ
തിരുവനന്തപുരം: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോർച്ചയെ കുറിച്ച് ഫേസ്ബുക്കിൽ വിവാദ പോസ്റ്റിട്ട യു. പ്രതിഭ എംഎൽഎ ഖേദ പ്രകടനവുമായി രംഗത്ത്.
വ്യക്തിപരമായ മാനസികാവസ്ഥയിലാണ് അത്തരം ഒരു പോസ്റ്റ് എഴുതാൻ ഇടയായത്. അത് മറ്റുള്ളവർക്കു വിഷമമുണ്ടാക്കിയതിൽ ദുഃഖമുണ്ട്.
തന്റെ പാർട്ടിക്ക് അഹിതവും അപ്രിയവുമായ ഒരു പ്രവർത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റിൽ പ്രതിഭ പറഞ്ഞു.
കാരണങ്ങളില്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നുണ്ടാകുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും.
തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തിൽ നിന്നുണ്ടായ സാഹചര്യത്തിലാണ് പോസ്റ്റിട്ടതെന്നും അതിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രതിഭ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ നിന്നു കുറച്ചു കാലത്തേക്കു വിട്ടുനിൽക്കുകയാണെന്നും പ്രതിഭയുടെ പുതിയ പോസ്റ്റിൽ അറിയിച്ചു.
കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ലെന്ന പ്രതിഭയുടെ പോസ്റ്റാണ് നേരത്തെ വിവാദമായത്.
ഏറ്റവും കൂടുതൽ വോട്ടുചോർന്നത് കായംകുളത്തു നിന്നാണെന്നും തനിക്കെതിരേ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
ഇതിനെതിരേ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തുകയും പ്രതിഭയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് പ്രതിഭ വീണ്ടും പോസ്റ്റിട്ടത്.