അബുദാബി: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. നാല് മാസം നീണ്ട പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകർക്കെതിരായ പരിശോധനകൾ രാജ്യത്ത് കർശനമാകും.
ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം ഇതുവരെ പ്രയോജനപ്പെടുത്തിയത്. രേഖകൾ ശരിയാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 55,000ത്തിലധികം പേർ രാജ്യം വിട്ടു. ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി.
നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി നന്ദി അറിയിച്ചു. പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. 2003, 2007, 2013, 2018 വർഷങ്ങളിലും യുഎഇ സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിനുശേഷം പിഴകൾ പഴയപടിയായിരിക്കും.