ഒരു ഗതിയും പരഗതിയുമില്ലാതെ വരുമ്പോഴാണ് പലരും സാഹസികമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ലോകത്ത ജലക്ഷാമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമലകള്‍ കൊണ്ടുവന്ന് ജലമാക്കി മാറ്റാന്‍ സാധിക്കുമോ എന്ന നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ് യുഎഇ ബിസിനസ്മാനായ അബ്ദുള്ള അല്‍ഷെഹി. ലോകം തന്നെ ജലത്തിന് വേണ്ടി കേഴുമ്പോഴാണ് പുതിയ പരീക്ഷണം. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം മാറ്റുമെന്ന പ്രതീക്ഷയാണ് ഏവരും പങ്കുവയ്ക്കുന്നത്.
ഒരു മഞ്ഞുമല എത്തിക്കാന്‍ കഴിഞ്ഞാല്‍ പത്ത് ലക്ഷം പേര്‍ക്ക് അഞ്ച് കൊല്ലത്തേക്ക് കുടിവെള്ളമാവുമെന്നാണ് അബ്ദുള്ള അല്‍ഷെഹി വിശദീകരിക്കുന്നത്. വെള്ളമില്ലാതെ അലയേണ്ടി വരുമെന്ന ഭയത്താലാണ് അദ്ദേഹം അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കാന്‍ ആലോചിക്കുന്നത്. താന്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഭാഗമായി ചെറിയൊരു മല ആഫ്രിക്കയില്‍ എത്തിച്ച് വെള്ളം ശേഖരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇത് വിജയിച്ചാല്‍ അന്റാര്‍ട്ടിക്കന്‍ മഞ്ഞ് മലകള്‍ ഭാവിയില്‍ ലോകത്തിന്റെ ദാഹം മാറ്റുമോ….?? എന്ന ചോദ്യവും ഈ അവസരത്തില്‍ ശക്തമാകുന്നുണ്ട്.
മഞ്ഞ് മല ഓസ്ട്രേലിയയിലെ പെര്‍ത്തിലേക്ക് കൊണ്ട് വന്ന ജലമാക്കി മാറ്റുന്നതിനുള്ള പരീക്ഷണമായിരിക്കും ഇദ്ദേഹം നടത്തുകയെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച പ്രാഥമിക പരീക്ഷണത്തിന് 60 മുതല്‍ 80 മില്യണ്‍ ഡോളര്‍ വരെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് യൂറോ ന്യൂസുമായി സംസാരിക്കവെ അല്‍ഷെഹി വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച മൊത്തം പ്രൊജക്ട് നടപ്പിലാക്കുന്നതിനായി യുഎഇക്ക് 100 മില്യണ്‍ ഡോളറിനും 150 മില്യണ്‍ ഡോളറിനും ഇടയിലായിരിക്കും ചെലവ് വരുന്നത്. എന്നാല്‍ സമുദ്രജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനേക്കാള്‍ ചെലവ് കുറവായിരിക്കും അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞ് മലകള്‍ കൊണ്ട് വന്ന ജലമാക്കി മാറ്റുന്നതിന് വേണ്ടി വരുകയെന്നാണ് അല്‍ഷെഹി പറയുന്നത്.
സമുദ്ര ജലം ശുദ്ധീകരിക്കുന്നതിനുള്ള ഡീസാലിനേഷന്‍ പ്ലാന്റിനായി നിക്ഷേപമായി വന്‍തുകകള്‍ വേണ്ടി വരുമ്പോള്‍ മഞ്ഞ് മലകളില്‍ നിന്നും വെള്ളമുണ്ടാക്കാന്‍ ഇത്രയും വേണ്ടി വരില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഡീസാലിനേഷന്‍ പ്രക്രിയയുടെ ഭാഗമായി പരിധി വിട്ട അളവിലുള്ള ഉപ്പു ജലം ഗള്‍ഫിലേക്ക് പുറന്തള്ളപ്പെടുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഇവിടുത്തെ സമുദ്രങ്ങളില്‍ ഉപ്പിന്റെ അംശം വര്‍ധിച്ച് അറബിക്കടലിലെ മത്സ്യങ്ങളും മറ്റ് സമുദ്ര ജീവികളും കൊല്ലപ്പെടുന്നതിന് വഴിയൊരുക്കുന്നുണ്ടെന്നും ഇതിന് പരിഹാരമാണ് മഞ്ഞ് മലകളില്‍ നിന്നുള്ള കുടിവെള്ള ഉല്പാദനമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മഞ്ഞ് മലയില്‍ നിന്നുള്ള ജല ഉല്പാദനം സാമ്പത്തികമായും പരിസ്ഥിതി പരമായും ഏറെ മെച്ചമേകുന്ന വഴിയാണെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ യുഎഇയിലേക്ക് മാത്രമല്ല ജലദൗര്‍ഭല്യം നേരിടുന്ന ലോകത്തിലെ ഏത് ഭാഗത്തേക്കും വെള്ളമുല്പാദിപ്പിക്കാമെന്നും ഈ ബിസിനസുകാരന് നിര്‍ദ്ദേശിക്കുന്നു. നാഷണല്‍ അഡൈ്വസറി ബ്യൂറോ ലിമിറ്റഡിന്റെ എംഡിയും സ്ഥാപകനുമാണ് അല്‍ഷെഹി. റീസൈക്ലിങ്, എനര്‍ജി ജനറേഷന് എന്നിവയ്ക്കായി സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഒരു അഡൈ്വസറി ഫേമാണിത്.
മഞ്ഞ് മലയെ കൊണ്ട് വന്ന് ശുദ്ധ ജലം ലഭ്യമാക്കുകയെന്ന ആശയം പുതിയതല്ല. കടുത്ത വരള്ച്ചയാല് വീര്‍പ്പ് മുട്ടുന്ന കേപ്ടൗണിലേക്ക് ഒരു മഞ്ഞ് മല കൊണ്ട് വന്ന ജലം ലഭ്യമാക്കുന്നതിന് സൗത്ത് ആഫ്രിക്കന്‍ മറൈന്‍ സാല്‍വേജ് മാസ്റ്ററായ നിക്കോളാസ് സ്ലോനെ മുതിര്‍ന്നിരുന്നുവെന്ന് ജൂണില്‍ ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.