യു.എ.ഇയില്‍ സിഗരറ്റ് വാങ്ങാന്‍ വന്‍ തിരക്ക്; ഓരോ ആളും വാങ്ങികൂട്ടുന്നത് മാസങ്ങളോളം ഉപയോഗിക്കാന്‍, കാരണമെന്താണന്നല്ലേ

യു.എ.ഇ.യില്‍ സിഗരറ്റ് വില്‍ക്കുന്ന കടകളുടെ മുന്നിലെല്ലാം ഇപ്പോള്‍ കേരളത്തിലെ മദ്യഷാപ്പുകള്‍ക്കു മുന്നിലുള്ളതിനേക്കാള്‍ നീണ്ട ക്യൂവാണ്. എല്ലാവരും നല്ല ഒന്നാന്തരം പുകവലിക്കാര്‍ തന്നെ. കിട്ടാവുന്നത്ര സിഗരറ്റ് വാങ്ങി കൂട്ടുക എന്നത് തന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. കടകളില്‍ അഡ്വാന്‍സായി പണം നല്‍കി സിഗരറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും കുറവല്ല.

എന്തിനാണിവര്‍ സിഗരറ്റ് വാങ്ങാന്‍ ഇത്രയേറെ കഷ്ട്ടപ്പെടുന്നതെന്നല്ലേ. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ വില്‍പ്പന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനു വില വര്‍ധിക്കും. അതിനാലാണ് പുകവലിക്കാരുടെ ഈ നെട്ടോട്ടം. വീട്ടിലെ സാധാരണ ഊഷ്മാവില്‍ സിഗരറ്റുകള്‍ സൂക്ഷിക്കാമെന്നതിനാലും അതിന് എക്‌സ്പയറി ഡേറ്റ് ഇല്ലാത്തതിനാലും മാസങ്ങളോളമുള്ള ഉപയോഗത്തിനായി വില വര്‍ധന വരുന്നതിനു മുന്‍പേ ശേഖരിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.

പുകയില ഉല്‍പ്പന്നങ്ങളോടൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയ്ക്കും അടുത്തമാസം മുതല്‍ വില കൂടുന്നുണ്ട്. പക്ഷെ സിഗരറ്റ് വാങ്ങാനുള്ളയാത്ര തിരക്ക് മറ്റുള്ളവയ്ക്കില്ല എന്നതാണ് രസകരം. ആരോഗ്യത്തിന് ഹാനികരമായ പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതി കൂട്ടാനുള്ള തീരുമാനം.

Related posts