അബുദാബി: റോഡിന് മലയാളി ഡോക്ടറുടെ പേരു നൽകി ആദരിച്ച് യുഎഇ. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പത്തനംതിട്ട സ്വദേശി ഡോ. ജോര്‍ജ് മാത്യുവിന്റെ പേര് അബുദാബിയിലെ റോഡിന് നല്‍കിയത്.
അല്‍ മഫ്റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനാണ് ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്ന് പേരു നൽകിയത്. രാജ്യത്തിനായി പ്രവർത്തിച്ചവരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് റോഡിന് പേര് നൽകിയത്.
പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം യുഎഇയിലേക്ക് മാറി.
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു.
അല്‍ ഐന്‍ റീജണിന്റെ മെഡിക്കല്‍ ഡയറക്ടർ, ഹെല്‍ത്ത് അതഥോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങിയ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.