പ്രവാസികള്‍ക്ക് പാസ്പോര്ട്ടില് വീസ പതിച്ച് നല്‍കുന്നത് അവസാനിപ്പിച്ച് യുഎഇ. മെയ് 16 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.
ഇനി എമിറേറ്റ്സ് ഐഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകള്‍ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു.
റസിഡന്‍സിയും ഐഡിയും നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്‍ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള്‍ ഉപയോഗിക്കും.
യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവര്‍ത്തിക്കുന്നു.
യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡിന്റെ പുതിയ രൂപത്തില്‍ എല്ലാം ഉള്‍പ്പെടുന്നു.
ഇതിനകം ഒട്ടേറെ പേര്‍ക്ക് എമിറേറ്റ്സ് ഐഡിയില്‍ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.
റസിഡന്‍സി വിശദാംശങ്ങളുള്ള സ്റ്റിക്കര്‍ പാസ്പോര്ട്ടില് പതിക്കുന്നതിന് പകരം, എല്ലാ വിവരങ്ങളും എമിറേറ്റ്സ് ഐഡിയില്‍ സംഭരിക്കുകയാണ് ചെയ്യുന്നത്.
വീസയും എമിറേറ്റ്സ് ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം വളരെ കുറവായതിനാല്‍ പെട്ടെന്ന് തന്നെ എമിറേറ്റ്സ് ഐഡി ലഭിക്കും.
വീസയ്ക്കും എമിറേറ്റ്സ് ഐഡിക്കും വേണ്ടി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. ഒരു ആപ്ലിക്കേഷനില്‍ തന്നെ നടപടി പൂര്‍ത്തിയാക്കാം.
മാത്രമല്ല, വീസ സ്റ്റാമ്പിങ്ങിനായി അപേക്ഷകര്‍ ഇമിഗ്രേഷന്‍ ഓഫിസുകളില്‍ പാസ്പോര്‍ട്ട് നല്‍കേണ്ടതുമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കിയിരുന്നു.
ഈ നീക്കം റസിഡന്‍സി രേഖകള്‍ നേടാനുള്ള പ്രയത്നവും സമയവും കുറയ്ക്കും. താമസക്കാരുടെ വീസ സ്റ്റാറ്റസിന്റെ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എമിറേറ്റ്സ് ഐഡി തെളിവായി സ്വീകരിക്കും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (െഎസിഎ) തീരുമാനപ്രകാരമാണിത്.
മുന്‍കാല റെസിഡന്‍സി സ്റ്റിക്കറുകള്‍ താമസക്കാര്‍ക്ക് അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി മാത്രമേ ലഭ്യമാകൂ.
അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് ഉപയോഗിച്ച് വ്യക്തികളുടെ അക്കൗണ്ടുകള്‍ വഴി അപേക്ഷിക്കാവുന്ന പ്രിന്റഡ് ഫോമിലൂടെ വ്യക്തികളുടെ താമസത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളും അതോറിറ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്. വളരെയെളുപ്പത്തില്‍ ആപ്പ് വഴി താമസത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും.
വിമാനക്കമ്പനികളുടെ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ പാസ്പോര്‍ട്ട് റീഡര്‍ മുഖേന ഐഡന്റിറ്റി പരിശോധിച്ച് രാജ്യത്തിന് പുറത്തുള്ള, സാധുവായ റെസിഡന്‍സി വീസയുള്ളവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം.
പാസ്പോര്‍ട്ട് നമ്പറും എമിറേറ്റ്സ് ഐഡിയും വഴി എയര്‍ലൈനുകള്‍ക്ക് ഇപ്പോള്‍ റെസിഡന്‍സി സ്റ്റാറ്റസ് പരിശോധിക്കാനാകും.
കഴിഞ്ഞ വര്‍ഷം എമിറേറ്റ്സ് ഐഡിയുടെ പുതിയ രൂപം പുറത്തിറക്കിയിരുന്നു. കാര്‍ഡ് പുറത്തിറക്കുമ്പോള്‍ അല്ലെങ്കില്‍ പുതുക്കല്‍ അഭ്യര്‍ഥന സമര്‍പ്പിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഐഡിയുടെ സോഫ്റ്റ് കോപ്പി ലഭിക്കും.
താമസക്കാര്‍ക്ക് നല്കുന്ന പുതിയ എമിറേറ്റ്സ് ഐഡി കാര്‍ഡില്‍ വ്യക്തിപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ കാര്‍ഡിന്റെ പ്രധാനഭാഗത്ത് വായിക്കാന്‍ കഴിയും.
വായിക്കാന്‍ കഴിയാത്തതായ മറ്റ് വിവരങ്ങളും കാര്‍ഡില്‍ അടങ്ങിയിരിക്കും. ഇത് വളരെ നല്ലൊരു തീരുമാനമായാണ് ആളുകളെല്ലാം പറയുന്നത്.