700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കേരളത്തിന് വേണ്ടി യു.എ.ഇയില്‍ തിരിക്കിട്ട ധനസഹായ സമാഹരണം നടക്കുന്നതായി റിപ്പോര്‍ട്ട്. 38 കോടി രൂപയാണ് ഒരാഴ്ചയ്ക്കിടെ എമിറേറ്റ്സ് റെഡ്ക്രസന്റിന്റെ ദുബായി ശാഖയിലേക്ക് മാത്രം എത്തിയത്. ഒരാഴ്ചയ്ക്കിടെ റെഡ്ക്രസന്റിന്റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിലഭിച്ചാലുടന്‍ സഹായം നാട്ടിലെത്തിക്കുമെന്ന് റെഡ്ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി പറഞ്ഞു. അടുത്ത ഒരുമാസംകൂടി കേരളത്തിലെ സഹോദരങ്ങള്‍ക്കായി സഹായ സമാഹരണം നടത്തുമെന്നുമാണ് സറോണി വ്യക്തമാക്കുന്നത്.
സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേരാണ് കേരളത്തിന് വേണ്ടിയുള്ള ധനസമാഹരണത്തില്‍ പങ്കാളികളാകുന്നത്. എമിറേറ്റ്സ് റെഡ്ക്രസന്റിനു പുറമെ ,ശൈഖ് ഖലീഫ ഫൗണ്ടേഷന്, മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷനുകള്‍ വഴിയും വ്യാപക ധന സാധന ശേഖരണമാണ് കേരളത്തിനായി നടക്കുന്നത്.
ഇതേരീതിയിലാണ് സമാഹരണം മുന്നോട്ട് പോകുന്നതെങ്കില്‍ യു.എ.ഇയുടെ സഹായം പറഞ്ഞുകേള്‍ക്കുന്ന തുകയുടെ അപ്പുറമെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അത്യാവശ്യമുള്ള സാധനങ്ങള്‍ നാട്ടില്‍ നിന്ന് വാങ്ങിച്ചു നല്കാന് തുക ചിലവഴിക്കും.
മറ്റ് ആറു എമിറേറ്റുകളിലെ റെഡ്ക്രസന്റ് ശാഖകള്‍ വഴിയുള്ള ധന ശേഖരണം പരിശോധിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നൂറുകോടിയോളം രൂപ വരും. ടണ്‍കണക്കിനു വരുന്ന സാധനങ്ങള്‍ കേരളത്തിലേക്ക് അയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ് റഡ്ക്രസന്റ് മേധാവി പറയുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് യു.എ.ഇ.യുടെ സഹായവാഗ്ദാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു.
കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതേസമയം യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന ഈ ആഴ്ച്ച കേരളത്തിലെത്തും. സന്നദ്ധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും മുഹമ്മദ് അല്‍ ബന്ന കൂടിക്കാഴ്ച നടത്തും. കേരളത്തിലെ വിവിധ പ്രളയബാധിത മേഖലകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. അടുത്തയാഴ്ചയാവും അദ്ദേഹം കേരളത്തിലെത്തുക