പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് യു.എ.ഇ. പ്രളയദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 700 കോടി രൂപയാണ് യു.എ.ഇ വാഗ്ദാനം ചെയ്തത്.
പ്രളയം നാശം വിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായം തേടി ഏറ്റവുമധികം പ്രചാരണം നടത്തുന്ന വിദേശരാജ്യവുമാണിന്ന് യു.എ.ഇ. ഇതിനായി പ്രത്യേക സമിതി രൂപീകരിച്ച് രാജ്യത്ത് വിഭവസമാഹരണം വരെ നടത്തുന്നുണ്ട്.
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായിട്ടും ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വേണ്ട പ്രധാന്യം കേരളത്തിന് നല്‍കാതിരിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ ദേശീയ ദിനപത്രമായ അല്‍ ഇത്തിഹാദ് ന്യൂസ് ഏഴ് പേജുകള്‍ കേരള വാര്‍ത്തകള്‍ക്കായി മാത്രം മാറ്റിവച്ചതും ശ്രദ്ധേയമായി.
കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ ഔദ്യോഗികമായി വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. പ്രളയത്തിന് മുന്‍പും ശേഷവുമുള്ള കേരളത്തെ ദൃശ്യവത്കരിക്കുന്ന വീഡിയോയാണ് യു.എ.ഇ പുറത്തിറക്കിയത്.
കേരളത്തിന്റെ എല്ലാ മനോഹാരിതയും ഉള്‍പ്പെടുത്തി ആരംഭിക്കുന്ന വീഡിയോയില്‍ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ നേര്‍ച്ചിത്രമാണ് പിന്നീട് കാണിക്കുന്നത്.
കേരള ജനതയുടെ പ്രാര്‍ത്ഥനയും കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും വീഡിയോയിലൂടെ യു.എ.ഇ ആവശ്യപ്പെടുന്നു. യു.എ.ഇയുടെയും ഇന്ത്യയുടേയും കൊടികള്‍ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് തങ്ങള്‍ ഒപ്പമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളം യു.എ.ഇ ഭരണാധികാരിക്ക് കയ്യടിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനാണ് യുഎഇ യുടെ സഹായത്തെക്കുറിച്ച് അറിയിച്ചത്.
കേരളം ഇന്ത്യയുടെ ഭാഗമാണോ അതോ യു.എ.ഇ യുടെ ഭാഗമാണോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം. യു.എ.ഇ നല്‍കുന്നത് 700 കോടി. ‘ദേശ് വാസിയോം ‘ കൈവിട്ടാലും നാം അതിജീവിക്കുക തന്നെ ചെയ്യും എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
യു.എ.ഇ കേരളത്തിന് നല്‍കുന്നത് 700 കോടി രൂപ. എന്നാപ്പിന്നെ യു.എ.ഇയെ നമ്മുടെ കേന്ദ്രസര്‍ക്കാരായി അങ്ങ് പ്രഖ്യാപിച്ചൂടെ, നമ്മള് അതിജീവിക്കും, നമ്മള് പുനര്‍നിര്‍മ്മിക്കും എന്നാണ് മറ്റൊരാള്‍ കുറിച്ചത്’.
കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇടക്കാല ആശ്വാസമായി അനുവദിച്ച തുകയെക്കാള്‍ കൂടുതലായി യു.എ.ഇ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതാണ് പലരെയും അത്ഭുതപ്പെടുത്തുന്നതും അതേസമയം ചൊടിപ്പിക്കുന്നതും.