തൃശൂർ: കേന്ദ്ര സർക്കാർ യുഎഇ സഹായം തടഞ്ഞതോടെ കേരളത്തിനു ലഭിക്കുമായിരുന്ന മറ്റു രാജ്യങ്ങളുടെ ആയിരക്കണക്കിനു കോടി രൂപയുടെ സഹായം നഷ്ടമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടു സഹായം വാഗ്ദാനം ചെയ്തു എന്നത് തന്നെ വിളിച്ചറിയിച്ചത് എം.എ.യൂസഫലിയാണെന്നും ഇതു സത്യമല്ലെങ്കിൽ ഈ വിവരം പറഞ്ഞ യൂസഫലിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമായിരുന്നില്ലേയെന്നും തൃശൂരിൽ ഒരു ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തെ എങ്ങനെ കൂടുതൽ തള്ളി താഴേക്കിടാം എന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രധാനമന്ത്രിയോടാണു യുഎഇ ഭരണാധികാരി 700 കോടി വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി സ്വാഗതം ചെയ്തതുമാണ്. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയോടു സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നതു സത്യമായ കാര്യമാണ്.
ഈ വിവരം ഭരണാധികാരി പറഞ്ഞതനുസരിച്ച് എം.എ.യൂസഫലിയാണു തന്നെ വിളിച്ചറിയിച്ചത്. ഇതു സത്യമല്ലെങ്കിൽ ഈ വിവരം പറഞ്ഞ യൂസഫലിക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലേ. ഇവിടെ കളവു പറഞ്ഞതു പ്രധാനമന്ത്രിയാണെന്നു വ്യക്തമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
താൻ ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇത്തരത്തിൽ സഹായങ്ങൾ സ്വീകരിച്ചതാണെന്ന് അന്നു പ്രധാനമന്ത്രി തന്നോടു പറഞ്ഞിരുന്നു. എന്താണ് നമുക്കു മാത്രം സഹായം തരാൻ പറ്റില്ലെന്നു പിന്നീടു നിലപാടെടുത്തത്.
കേരളം പുനർനിർമിക്കപ്പെട്ടുകൂടാ എന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സർക്കാരിനുമുള്ളത്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.