നാട്ടിന്‍ പുറങ്ങളിലെ ഓര്‍മകളിലേക്ക് മടങ്ങുവാന്‍ ഉള്ള മനോഹരമായ കാഴ്ചയാണ് ഓരോ മലയാളികള്‍ക്കും മഴ. വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് വിദേശ രാജ്യങ്ങളില്‍ മാനം കറുക്കാറുള്ളത്. ഈ കാഴ്ച കണ്ണു കുളിര്‍ക്കെ കാണാനും ആസ്വദിക്കാനും ഓരോ മലയാളികളും ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ തിരക്കുപിടിച്ചോടുമ്പോള്‍ യാത്ര മദ്ധ്യേ സഞ്ചരിക്കുന്ന വാഹനങ്ങളുടെ മുകളില്‍ വീഴുന്ന ഓരോ മഴത്തുള്ളികള്‍ മാത്രമാണ് പലര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന മഴ.
സ്കൂളുകളിലെ ക്ലാസ്സ് മുറികളിലും, സ്കൂള്‍ ബസുകളിലും, ഫ്‌ളാറ്റിന്റെ നാല് ചുവരുകള്‍ക്കുള്ളിലും മാത്രമായി വളരുന്ന ഇവിടുത്തെ ബാല്യങ്ങള്‍ക്ക് മഴയെ അനുഭവിച്ചറിയാനുള്ള ഭാഗ്യം വളരെ കുറവാണ്. ആഞ്ഞു വീശുന്ന കാറ്റിനെയും മഴയെയും അനുഭവിച്ചറിയാന്‍ ഇവുടുത്തെ ബാല്യങ്ങള്‍ക്ക് പരിചയമുണ്ടാകില്ല. കാരണം, ഓടി കളിക്കാനോ, ഇറ്റ് ഇറ്റ് വീഴുന്ന മഴയെ കൈകുമ്പിളിലാക്കി അറിയുവാനോ നാട്ടിന്‍ പുറങ്ങളിലെ സ്കൂളിലെ പോലെ നീളമുള്ള വരാന്തകള്‍ ഇവിടെ ഇല്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ അറിയാത്ത ഭാവത്തില്‍ അറിഞ്ഞ് കൊണ്ട് കൂട്ടുകാരുടെ കൈ പിടിച്ച് ഓടിക്കളിക്കാന്‍ പാകത്തില്‍ മൈതാനങ്ങളും ഇവിടെ ഇല്ല.
എങ്കിലും വല്ലപ്പോഴും വരുന്ന ഈ മഴ മലയാളികള്‍ക്ക് ഒരു സുഖമുള്ള കാഴ്ചയാണ്. ഈ വര്‍ഷം യുഎഇ യില്‍ വിവിധ ഭാഗങ്ങളില്‍ മുന്‍ വര്‍ഷത്തെക്കാള്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റും നേരിയ തോതില്‍ മഴയും ഇപ്പോഴും തുടരുകയാണ്. മലയോര മേഖലകളിലെ താപനില മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവായിരുന്നു. അവധി ദിവസങ്ങളില്‍ കാലാവസ്ഥ ആസ്വദിക്കാന്‍ പ്രവാസികള്‍ മലയോര മേഖലകളിലേക്കാണ് യാത്ര നടത്തുന്നത്. മഴ ആസ്വദിക്കാന്‍ ബീച്ചുകളിലും മറ്റും എത്തിയ മലയാളികള്‍ക്ക് നാടിന്റെ പ്രതീതിയാണ് അനുഭവിക്കാന്‍ സാധിച്ചത്. മറ്റു ദിവസങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ യിലെ ബീച്ചുകള്‍. ആഞ്ഞടിക്കന്ന തിരമാലകള്‍ ഓരോ കാഴചകാരനും വ്യത്യസ്തമായ ഒരു അനുഭമായിരുന്നു. യുഎയിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാലവസ്ഥ ആയിരുന്നു കഴിഞ്ഞ ഒരാഴ്ച ആയി തുടരുന്നത്. ശക്തമായ കാറ്റും, മൂടി കെട്ടിയ ആകാശവും, ചാറ്റല്‍ മഴയുമൊക്കെ പ്രവാസികള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
എഴുത്ത് ഷിനി കുണ്ടത്തില്‍, ചിത്രങ്ങള്‍ എം.പി നിതുല്‍