നെടുമ്പാശേരി: യുഎഇയിൽനിന്നും മടങ്ങിയെത്തിയിട്ടുള്ള പ്രവാസികള്‍ക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 12 മുതല്‍ 26 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുള്ള അവസരം ലഭിക്കുന്നത്. 15 ദിവസത്തേക്കാണ് ഇത്തരത്തിൽ പ്രത്യേകമായി അവസരമൊരുങ്ങുന്നത്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് യുഎഇയിലേക്ക് പോകാൻ കഴിയുന്നത്. വന്ദേ ഭാരത് സര്‍വീസുകളുള്ള എല്ലാ നഗരങ്ങളില്‍നിന്നും യുഎഇയിലേക്ക് വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. മടങ്ങിപോകുന്ന യാത്രക്കാര്‍ക്ക് ഐസിഎ, യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിന് അഫയേഴ്സ് എന്നിവയുടെ അനുമതി ആവശ്യമാണ്.
പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിഎസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണമെന്നും നിബന്ധനയുണ്ട്. ഹെല്‍ത്ത്, ക്വാറന്റീന് ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.