എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ലോകമെന്പാടുമുള്ള മലയാളികൾ ഒരുമാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥന മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.
ഒരു മാസത്തെ ശന്പളം ഒരുമിച്ച് നൽകുന്നതിന് പകരം മുന്നു ദിവസത്തെ ശന്പളം പത്തുമാസമായിട്ട് നൽകായാലും മതിയെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. രാജ്യത്തിനകത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്നടക്കം വലിയ പ്രകരണമാണ് ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഭ്യർഥന സോഷ്യൽ മീഡിയ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തെ പുനർനിർമ്മിക്കാൻ മലയാളികൾ മാത്രം മതിയെന്ന വികാരത്തോടെയാണ് സോഷ്യൽ മീഡിയയിൽ പ്രവഹിപ്പിക്കുന്ന മെസേജുകളും കമന്റുകളും. അഭ്യർഥന ചില ചാനലുകളിൽ നടത്തിയതിനു ശേഷം തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും മുഖ്യമന്ത്രി പങ്കുവച്ചിരുന്നു.
ഈ പോസ്റ്റിനുള്ള ലൈക്കും ഷെയറുകളും പതിനായിരങ്ങൾ ഇതിനകം കടന്നിട്ടുണ്ട്. ഇതു കൂടാതെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ ഓരോ മിനുട്ടിലും നിരവധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. കൂടാതെ പലരും മുൻകൂട്ടി ശന്പളം അക്കൗണ്ടിലേയ്ക്ക് നൽകിയ കാര്യവും വിളിച്ചും മെസേജിലൂടെയും അറിയിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണം. സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല.
ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേക്കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നൽകാമല്ലോ. പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണം.