സ്വന്തം ലേഖകൻ
കണ്ണൂർ: കോഴ്സിനുവേണ്ടിയാണ് കണ്ണൂർ താണ സ്വദേശി ആഷിഖ് കേച്ചേരിയുടെയും ഷബീനയുടെയും മകൾ റസ്ലി മർവ കാമറ വാങ്ങിയത്. കോഴ്സിന്റെ ഭാഗമായി കാമറയുമായി കുറേ ക്ലിക്കുകൾ. കോഴ്സ് കഴിഞ്ഞ് സീരിയസായി ഒന്നു ക്ലിക്കിയപ്പോൾ ലഭിച്ചത് 50,000 ദിർഹം(10 ലക്ഷം രൂപ).
ദുബായ് ആരോഗ്യ മന്ത്രാലയം ദേശീയതലത്തിൽ സംഘടിപ്പിച്ച ആർട്ട് ഫോർ ഹെൽത്ത് മത്സരത്തിലെ ഫോട്ടോഗ്രാഫി വിഭാഗത്തിലാണ് റസ്ലി മർവയ്ക്ക് സമ്മാനം ലഭിച്ചത്. റസ്ലി മത്സരിച്ചതാകട്ടെ വിദേശികളടക്കമുള്ളവരോട്.
യുഎഇ ആരോഗ്യമന്ത്രി ഷെയ്ക്ക് ഹൈനസ് ഡോ.ഹുസൈൻ അബ്ദുൾ റഹ്മാൻ റാൻഡിൽ നിന്നും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ റസ്ലി പുരസ്കാരം ഏറ്റുവാങ്ങി. ധർമശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ഫാഷൻ കമ്മ്യൂണിക്കേഷൻ കോഴ്സായിരുന്നു റസ്ലി പഠിച്ചത്.
കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ അവധിക്കാലം ചെലവഴിക്കാൻ യുഎഇയിലേക്ക്. അവിടെവച്ചാണ് റസ്ലിയെ തേടി ഫോട്ടോഗ്രഫി പുരസ്കാരം എത്തിയത്.
പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നല്കാനാണ് ഫോട്ടോഗ്രഫി, ആനിമേഷൻ, ഫിലിം, പെയിന്റിംഗ് വിഭാഗങ്ങളിൽ ദുബായ് ആരോഗ്യ മന്ത്രാലയം മത്സരം നടത്തിയത്.
17 മുതൽ 30 വയസുവരെയുള്ളവർക്ക് മേയ് മുതലായിരുന്നു മത്സരം. ഫോട്ടോഗ്രഫി വിഭാഗത്തിൽ 15 പേരുടെ അവസാന പട്ടികയിൽ സ്ഥാനം പിടിച്ച റസ്ലി പിന്നീട് അഭിമുഖത്തിലും മികവ് പുലർത്തി.
ബ്രൂക്കോളിയും ചായപ്പൊടിയും ഉപയോഗിച്ച് സെറ്റ് ചെയ്തായിരുന്നു ഫോട്ടോ എടുത്തതെന്ന് റസ്ലി മർവ രാഷ്ട്രദീപികയോട് പറഞ്ഞു. പച്ച കലർന്ന ബ്രൂക്കോളി ശരീരത്തിന്റെ ആരോഗ്യത്തെയും ചായപ്പൊടി അനാരോഗ്യത്തെയുമാണ് സൂചിപ്പിച്ചിരുന്നത്.
കോഴ്സിനിടയിൽ എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിൽനിന്ന് ലഭിച്ച കമന്റുകൾ നല്ലതായിരുന്നു. അത് ഫോട്ടോഗ്രഫിയിൽ കൂടുതൽ ശ്രദ്ധചെലുത്താനുള്ള പ്രോത്സാഹനമായി. പത്രത്തിൽ പരസ്യം കണ്ട് വെറുതെ അപേക്ഷിച്ചു.
രണ്ടാം റൗണ്ടിൽ എത്തിയപ്പോഴാണ് ഇത്തിരി സീരിയസായത്. നിഫ്റ്റിലെ അധ്യാപകരുടെയും പ്രതിശ്രുത വരൻ കണ്ണൂർ താണ സ്വദേശി ഫിയാൻസ് നസ്ബീർ മുഹമ്മദിന്റെയും വലിയ സഹായങ്ങളുണ്ടായിരുന്നു.
ഫോട്ടോഗ്രഫിയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാണ് ആഗ്രഹം. കൂടാതെ നല്ലൊരു ഗ്രാഫിക് ഡിസൈനറാകാനും ആഗ്രഹമുണ്ടെന്നും റസ്ലി മർവ പറഞ്ഞു. ദുബായ് മീഡിയാ സിറ്റിയിലായിരുന്നു റസ്ലിയുടെ ഇന്റേൺഷിപ്പ്. ലീൻ തസ്നിം ഏക സഹോദരിയാണ്.